കൊച്ചി: അനധികൃത മദ്യക്കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കരുതെന്നും പ്രതി അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിയെ ഒരു ദിവസം കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ടെന്നും തൊണ്ടിമുതൽ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി ജാമ്യം അനുവദിക്കാറുണ്ടെന്നും, ആന്റോയ്ക്കെതിരെ സമാനമായ മുൻ കേസുകളില്ലെന്നും കോടതി പരിഗണിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും റെയ്ഡ് നടന്ന വീടിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്നും ആന്റോ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ പേരിലാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്. എക്സൈസ് നടത്തിയ പരിശോധനയിൽ ആന്റോയുടെ വീട്ടിൽ നിന്ന് 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു.

