പത്തനംതിട്ട: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റെന്ന കേസിൽ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിനെ അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റാണിത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
സന്നിധാനത്തേക്ക് അയച്ച മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ്, പകരം വിലകുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്ക് മിൽമ നെയ്യ് വിറ്റതായും റിപ്പോർട്ടുണ്ട്. ഈ ക്രമക്കേടിൽ ദേവസ്വം ബോർഡിന് ഏകദേശം രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പുതിയ റിപ്പോർട്ടുകൾ.
2025–26 മകരവിളക്ക് തീർഥാടനകാലത്തേക്കുള്ള നെയ്യ് വാങ്ങാൻ ബോർഡ് 2024-ൽ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. ആറ് സ്ഥാപനങ്ങൾ പങ്കെടുത്ത ടെൻഡർ പിന്നീട് റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകി. ടെൻഡറിൽ പങ്കെടുത്ത സ്ഥാപനങ്ങളിലൊന്ന് ലിറ്ററിന് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ ലിറ്ററിന് 510 രൂപ ചെലവായി. 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിലൂടെ വിലവ്യത്യാസം മൂലം ബോർഡിന് ഏകദേശം 2.27 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ മുൻ അന്വേഷണത്തിലെ കണ്ടെത്തൽ.

