തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകി. ആഭ്യന്തരമന്ത്രി ഡിജിപിക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.
കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിലെ ശുപാർശ. രണ്ടാഴ്ച മുൻപാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയത്.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കേസെടുക്കാമെന്ന് സെപ്റ്റംബർ 18-ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയിരുന്നു. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാമെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇഡി കൈമാറിയ വിവരങ്ങളും കേസിലെ സാഹചര്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം നൽകിയതെന്നാണ് റിപ്പോർട്ട്. 2017 മാർച്ച് 4 മുതൽ 2019 മെയ് 18 വരെയുള്ള കാലയളവിൽ വ്യാജ കരാറിന്റെ മറവിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ നിന്ന് മകൾ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയൻ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് നിയമോപദേശത്തിൽ പരാമർശിച്ചതായാണ് വിവരം.
സർക്കാരിന്റെ പുതിയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണസംഘത്തിന്റെ തുടർനടപടികൾ നിർണായകമാകും.

