
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തില്‍ തകര്‍ന്ന 71 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി മരാമത്ത് മന്ത്രാലയവും ഭവന, നഗരാസൂത്രണ മന്ത്രാലയവും അറിയിച്ചു.
മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജും ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹിയും നടത്തിയ സ്ഥലസന്ദര്ശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങളും തകര്‍ന്ന വീടുകള്‍ പുനഃസ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഉത്തരവുകളും നടപ്പിലാക്കിക്കൊണ്ടാണിത്.
ഇറാനിയന്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച സ്വത്തുക്കള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന അറ്റകുറ്റപ്പണിയുടെ ആദ്യ ഘട്ടമാണിത്. അല്‍ ഹിദ്ദ് ഹൗസിംഗ് സിറ്റിയിലെ 30 വീടുകളും സിത്രയിലെ 19 വീടുകളും മറ്റു പ്രദേശങ്ങളിലെ 22 വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആവശ്യമായ എല്ലാ സാങ്കേതിക, എഞ്ചിനീയറിംഗ് ജോലികളും പൂര്‍ത്തിയായി.
ഭവനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ഭവന മന്ത്രാലയം സല്മാന് സിറ്റിയിലെ പൂര്‍ണ്ണമായും സജ്ജീകരിച്ച അപ്പാര്‍ട്ടുമെന്റുകളില്‍ താല്‍ക്കാലികമായി പാര്‍പ്പിട സൗകര്യമൊരുക്കിയിട്ടുണ്ട്. വീടുകള്‍ പൂര്‍ണ്ണമായും തയ്യാറായിക്കഴിഞ്ഞാല്‍ കുടുംബങ്ങള്‍ക്ക് കൈമാറും.


