
ഡാലസ്: ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലോകകപ്പിന്റെ നോക്കൗട്ടിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടി. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീന ഓസ്ട്രിയയെ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്താണ് മെസി അര്‍ജന്റീനക്ക് ജയവും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം അർജന്റീനയ്ക്ക് നാടകീയത നിറഞ്ഞതായിരുന്നു. 8-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിന് വാര് പരിശോധനക്കൊടുിവില്‍ ലഭിച്ച പെനാൽറ്റി എടുത്ത നായകൻ ലിയോണൽ മെസിക്ക് പിഴച്ചു. മെസിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയതോടെ ഡാളസ് സ്റ്റേഡിയം നിശ്ചലമായി. എന്നാൽ പെനാൽറ്റി നഷ്ടത്തിന്റെ നിരാശ അധികനേരം നീണ്ടുനിന്നില്ല. 38-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ മെസി ഓസ്ട്രിയൻ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ ഗോൾ നേടി (1-0). ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ തന്റെ 17-ാം ഗോൾ തികച്ച മെസി ,ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകൾ) മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി മാറി.


