കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി കോൺഗ്രസ് വിമത കൗൺസിലർ മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെയാണ് മായ അധ്യക്ഷസ്ഥാനത്തെത്തിയത്. 26 അംഗ നഗരസഭാ കൗൺസിലിൽ 16 വോട്ടുകൾ മായ രാഹുലിന് ലഭിച്ചു.
യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴിയെയാണ് മായ പരാജയപ്പെടുത്തിയത്. റിയ ബിനോയ്ക്ക് 10 വോട്ടുകൾ ലഭിച്ചു. പാലാ നഗരസഭാ കൗൺസിലിലേക്ക് തുടർച്ചയായി രണ്ടാം തവണയും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ തുടർന്ന് പുറത്തായതോടെയാണ് അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയുടെയും പിന്തുണയോടെയാണ് എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ചായിരുന്നു നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

