കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ 17കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ, റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം.
ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കുടുംബവും നൽകിയ അപ്പീലുകൾ നവംബർ അഞ്ചിനാണ് കോടതി തള്ളിയത്. ഇതോടെ 17കാരന്റെ ജാമ്യം തുടരും. കേസിലെ എഫ്.ഐ.ആറിന്റെയും അന്വേഷണ നടപടികളുടെയും നിയമസാധുതയെക്കുറിച്ച് കോടതി പൊലീസിനോടും പ്രോസിക്യൂഷനോടും വിശദീകരണം തേടുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ രണ്ടാം പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂരിൽ 17കാരൻ ഓടിച്ചെന്ന് ആരോപിക്കപ്പെടുന്ന കാർ സ്കൂട്ടറിൽ ഇടിച്ചാണ് ജയബാലകൃഷ്ണൻ മരിച്ചത്. കുടുംബം നിയമപോരാട്ടം തുടരുമെന്ന് മകൾ ഭദ്രകീർത്തി പ്രതികരിച്ചിരുന്നു.

