ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ അടിസ്ഥാനമാക്കി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സൈന്യം. ഓഗസ്റ്റ് 15ന് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ‘ദുരന്തവും തമാശയും’ എന്നാണ് വിശേഷിപ്പിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഉന്നത രാഷ്ട്രീയ–സൈനിക നേതൃത്വത്തിന്റെ പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുത്ത അഭിമുഖങ്ങളും വൈകാരിക വിവരണങ്ങളും നാടകീയമായ പുനരാവിഷ്കരണങ്ങളും ഉപയോഗിച്ച് യഥാർഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്ന് പാക് സൈനിക വക്താവ് എക്സിൽ ആരോപിച്ചു.
2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മേയ് ഏഴിനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെട്ട സൈനിക നീക്കമാണെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ഇന്ത്യ സംഭവങ്ങളെ ഏകപക്ഷീയമായി അവതരിപ്പിക്കുകയാണെന്നും സൈനിക നടപടിയുടെ ഫലം സ്വന്തം താൽപ്പര്യത്തിനനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്നും പാക് സൈനിക വക്താവ് ആരോപിച്ചു.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട മൂന്ന് ഭീകരരെ 2025 ജൂലൈ 28നാണ് വധിച്ചതെന്ന് ഇന്ത്യ അറിയിച്ചിരുന്നതായി പാക് സൈന്യം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ മേയ് ഏഴിന് നടത്തിയ സൈനിക നടപടിയെ പഹൽഗാം ആക്രമണത്തിന്റെ പ്രതികാരമായി എങ്ങനെ വിശേഷിപ്പിക്കാനാകുമെന്നാണ് പാകിസ്ഥാന്റെ ചോദ്യം.
സംഘർഷത്തിനിടെ എട്ട് ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടെന്നും 26 സൈനിക ലക്ഷ്യങ്ങൾക്കെതിരെ ‘ഓപ്പറേഷൻ ബുന്യാൻ-ഉൻ-മർസൂസ്’ നടത്തിയെന്നും പാകിസ്ഥാൻ വീണ്ടും അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് സ്വതന്ത്രമായ സ്ഥിരീകരണമില്ല.
പാകിസ്ഥാന്റെ മിസൈൽ, ഡ്രോൺ, വ്യോമാക്രമണങ്ങളെക്കുറിച്ചും നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലുകളെക്കുറിച്ചും ഇന്ത്യൻ സൈനിക നേതൃത്വം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ടെന്നും പാക് വക്താവ് പറഞ്ഞു. ഇത് പാകിസ്ഥാൻ പൂർണമായി പരാജയപ്പെട്ടെന്ന ഇന്ത്യയുടെ വാദത്തിന് വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിലുള്ള ആശയവിനിമയത്തിലൂടെയും പരസ്പര ധാരണയിലൂടെയുമാണ് സംഘർഷം അവസാനിച്ചതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. അതിനാൽ ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യയുടെ ഏകപക്ഷീയമായ സൈനിക വിജയമായി ചിത്രീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഡോക്യുമെന്ററി വസ്തുതാപരമായ സൈനിക വിവരണത്തേക്കാൾ ആഭ്യന്തര പ്രചാരണത്തിനായി തയ്യാറാക്കിയ തിരക്കഥയാണെന്നും പാക് സൈന്യം ആരോപിച്ചു. സിനിമാറ്റിക് പുനരാവിഷ്കരണങ്ങളിലൂടെ യുദ്ധഭൂമിയിലെ യാഥാർഥ്യങ്ങളോ സൈനികനഷ്ടങ്ങളോ മാറ്റിയെഴുതാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ സൈനിക വക്താവ്, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതൊരു സൈനിക നീക്കത്തിനും ശക്തവും ഉചിതവുമായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.

