കൊല്ലം കുളമട 98-ാം നമ്പർ അങ്കണവാടിയിൽ വെച്ച് അങ്കണവാടി വർക്കർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു.
മൂന്ന് വയസ്സുള്ള മകൻ അങ്കണവാടിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ അങ്കണവാടി വർക്കർ കയ്യിൽ അടിക്കുകയും ചെവികളിൽ ശക്തമായി നുള്ളുകയും ചെയ്തുവെന്നാണ് പരാതി.
കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും അങ്കണവാടി വർക്കറുടെ പേരില്‍ മുമ്പും ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാവ് പറയുന്നു. ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട്, കുട്ടിയുടെ പരിക്കുകളുടെ ഫോട്ടോകൾ തുടങ്ങിയവ പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.
സംഭവത്തിൽ കൊല്ലം റൂറൽ എസ് പി, പാരിപ്പള്ളി എസ് എച്ച് ഒ, ജില്ലാ ശിശു വികസന ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.

