മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രതിനിധിയായി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈനിലെ നിരവധി കുടുംബങ്ങളെ സന്ദർശിച്ചു.
ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ദർശനങ്ങളും കിരീടാവകാശിയുടെ നിർദേശങ്ങളും ബഹ്റൈനെ മതസഹിഷ്ണുതയുടെയും സാംസ്കാരിക ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാതൃകയാക്കിയെന്ന് ശൈഖ് ഈസ പറഞ്ഞു. വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് ബഹ്റൈനെന്നും പരസ്പര ബഹുമാനവും സംവാദവും സമൂഹത്തിന്റെ ഐക്യത്തിന് അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലിയുടെയും ഇന്ത്യൻ പുതുവത്സരത്തിന്റെയും ആഘോഷങ്ങളിൽ പങ്കുചേരാൻ കിരീടാവകാശിയുടെയും പ്രധാനമന്ത്രിയുടെയും പ്രതിനിധിയായി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നിരവധി കുടുംബങ്ങളെ സന്ദർശിച്ചു. മുൾജിമാൽ, കേവൽറാം, ഭാട്ടിയ കുടുംബങ്ങൾക്ക് അദ്ദേഹം കിരീടാവകാശിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകൾ കൈമാറി. ബഹ്റൈനിലെ സജീവമായ സമൂഹജീവിതത്തിന് കുടുംബങ്ങൾ നൽകുന്ന സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.
ദീപാവലിയും ഇന്ത്യൻ പുതുവത്സരവും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ബഹ്റൈൻ സമൂഹത്തിന്റെ സാംസ്കാരിക വൈവിധ്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ദേശീയ ഐക്യവും സൗഹാർദവും പരസ്പര ബഹുമാനവുമാണ് സമൂഹത്തെ ഒന്നിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗങ്ങളുമായും അടുത്ത ബന്ധം നിലനിർത്തുകയും അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും കുടുംബങ്ങൾ നന്ദി അറിയിച്ചു. സന്ദർശനത്തിന് ശൈഖ് ഈസയോടും ശൈഖ് മുഹമ്മദിനോടും നന്ദി രേഖപ്പെടുത്തിയ കുടുംബങ്ങൾ ബഹ്റൈനിന്റെ പുരോഗതിക്കും സമൃദ്ധിക്കും ആശംസ നേർന്നു. മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശനങ്ങളിൽ ഒപ്പമുണ്ടായിരുന്നു.

