
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഭാഗമായി ഗവർണർ മുഖ്യമന്ത്രിക്ക് സ്നേഹോപഹാരമായി ഗണപതി വിഗ്രഹവും സമ്മാനിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്.

ഇരുവരും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളും, ചാൻസലർ കൂടിയായ ഗവർണർ സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള വിയോജിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത് എന്നത് ശ്രദ്ധേയമാണ്.


