
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ തന്റെ ഭാഗത്തുനിന്ന് അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇനി ഇറാനുമായി യാതൊരു തരത്തിലുള്ള ഇടപാടുകൾക്കും താൻ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ട്രംപ്, ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരുമാണെന്ന് ആരോപിച്ചു. കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള അപകടകാരികളായ ചിലരെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസ് ആരോപണം.
“കഴിഞ്ഞ രാത്രി അപകടകാരികളായ ഇറാൻകാരെ ലക്ഷ്യമിട്ട് ഞങ്ങൾ ശക്തമായ ആക്രമണം നടത്തി,” എന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി ഇനി വെടിനിർത്തലോ ചർച്ചകളോ തുടരാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ പുതിയ നീക്കം പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ഉയർത്തുകയാണ്.


