മനാമ: ബഹ്റൈനിലെ ഏറ്റവും ആദരണീയരായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായ ഡോ. പി.വി. ചെറിയാൻ വർഗീസിന്റെ വേർപാട് ബഹ്റൈൻ ജനതയ്ക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആരോഗ്യരംഗത്തും സാമൂഹിക സേവനരംഗത്തും നാല് പതിറ്റാണ്ടിലേറെക്കാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. പി.വി. ചെറിയാൻ. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ പ്രദേശം സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. തുടർന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി.

1979 ഒക്ടോബർ 16-നാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. തുടക്കത്തിൽ സന്ദർശക വിസയിൽ എത്തിയെങ്കിലും പിന്നീട് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അപകട-അടിയന്തര വിഭാഗത്തിൽ സേവനം ആരംഭിച്ചു. 45 വർഷത്തിലേറെയായി ബഹ്റൈനിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം ചീഫ് റെസിഡന്റായും സേവനമനുഷ്ഠിച്ചു.

ബഹ്റൈൻ മെഡിക്കൽ സൊസൈറ്റിയുടെ ഗവേണിംഗ് കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രവാസി ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിൽ ദീർഘകാലം പ്രവർത്തിച്ചതും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനകരമായ നേട്ടമാണെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
വിവിധ ദേശീയ-അന്തർദേശീയ പരിപാടികളിൽ മെഡിക്കൽ കോർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു. ചികിത്സാ രംഗത്തോടൊപ്പം സാമൂഹിക സേവനങ്ങളിലും സജീവമായിരുന്ന ഡോ. പി.വി. ചെറിയാൻ, Cancer Care Group Bahrain, Bahrain Medical Society, World Malayalee Council എന്നിവയുൾപ്പെടെ നിരവധി സംഘടനകളിൽ നേതൃത്വം വഹിച്ചു.

ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് അടിയന്തര ആരോഗ്യസഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം എന്നിവയിൽ നൽകിയ സേവനങ്ങളിലൂടെ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടിരുന്നു. പ്രവാസി മലയാളി സമൂഹത്തിൽ ചികിത്സകനെന്നതിലുപരി സമൂഹസേവകനും മാർഗദർശിയുമായ വ്യക്തിത്വമായിരുന്നു ഡോ. പി.വി. ചെറിയാൻ.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സ്വദേശികൾക്കും വിദേശികൾക്കും അത്താണിയാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, അദ്ദേഹത്തിന്റെ വേർപാട് ബഹ്റൈനിലെ സാമൂഹിക-ആരോഗ്യരംഗത്തിന് വലിയ നഷ്ടമാണെന്നും ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

