കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് തമിഴ്നാട് സ്വദേശികളായ ബൽരാജും ഭാര്യ കൂടമ്മാളും. “മക്കളെ ഇട്ടേച്ച് ഞങ്ങൾ പോയെന്നാണ് കരുതിയത്. ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണ്,” എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഇരുവരും പ്രതികരിച്ചത്.
മീനാക്ഷി എസ്റ്റേറ്റിലെ ഏലം തൊഴിലാളികളായ ഇരുവരും ബാങ്ക് ആവശ്യത്തിനായി മേപ്പാടിയിലെത്തിയതായിരുന്നു. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മീനാക്ഷി പാലത്തിന് സമീപം കുന്നിടിഞ്ഞ് മണ്ണ് ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെറിയ ശബ്ദം കേട്ടതോടെ അപകടം മനസ്സിലായ ബൽരാജ് ഭാര്യയുടെ കൈപിടിച്ച് ഓടുകയായിരുന്നു.
“ഞാനും ഭാര്യയും മേപ്പാടി ടൗണിൽ വന്നതാണ്. ബസ് സ്റ്റോപ്പിൽ ഇരുന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് കുന്ന് ഇടിഞ്ഞുവരുന്നത് കണ്ടത്. ഉടൻ ഭാര്യയുടെ കൈപിടിച്ച് ഓടി. അതിനിടെ മണ്ണ് ശക്തമായി ഒലിച്ചുവന്നു. ലോറി ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ലോറിക്കടിയിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്,” ബൽരാജ് പറഞ്ഞു.
അപകടത്തിൽ കൂടമ്മാളിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ദീർഘകാലമായി വയനാട്ടിൽ താമസിക്കുന്ന ഇരുവരും ആവശ്യങ്ങൾക്കായാണ് സാധാരണയായി മേപ്പാടിയിലേക്ക് വരാറുള്ളത്. ഇന്ന് ബാങ്കിൽ പോകേണ്ട സാഹചര്യം ഉണ്ടായതിനാലാണ് സ്ഥലത്തെത്തിയതെന്നും ബൽരാജ് പറഞ്ഞു.
മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദമ്പതികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടിയതിൽ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇത് തങ്ങളുടെ രണ്ടാം ജന്മമാണെന്നും ഇരുവരും പറഞ്ഞു.

