പത്തനംതിട്ട: വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനായ മാത്തുക്കുട്ടി ശാരീരിക പരിമിതികൾ നേരിടുന്ന വ്യക്തിയായിരുന്നു.
റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനായി വീട്ടിന് പുറത്ത് പ്രത്യേകമായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. വീടിന് താഴെ വാഹനം നിർത്തിയ ശേഷം ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. കറന്റ് പോയി ലിഫ്റ്റ് നിലച്ചപ്പോൾ തല പുറത്തേക്ക് നീട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടസമയത്ത് മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലിഫ്റ്റിൽ തല കുടുങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് ഭാര്യ ലിഫ്റ്റ് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തി മാത്തുക്കുട്ടിയെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധാരണ രീതിയിലുള്ള ലിഫ്റ്റല്ല ഇത് എന്നാണ് വിവരം. വീടിന് പുറത്ത് സ്ക്വയർ പൈപ്പുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമ്മിച്ചിരുന്നത്. കറന്റ് പോയപ്പോൾ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

