
മനാമ: ബഹ്റൈനില്‍ തടവിലിരിക്കെ ഒരാള്‍ മരിക്കാനിടയായ കേസില്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചതായും കസ്റ്റഡിയിലുള്ള പ്രതിയെ മരണത്തില്‍ കലാശിച്ച ആക്രമണക്കുറ്റത്തിന് ക്രിമിനല്‍ വിചാരണയ്ക്ക് അയച്ചതായും പ്രത്യേക അന്വേഷണ യൂണിറ്റ് (എസ്.ഐ.യു) അറിയിച്ചു.
മാര്‍ച്ച് 27ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളിലൂടെയും അതേ ദിവസം തന്നെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഇന്‍സ്പെക്ടര്‍ ജനറലില്‍നിന്ന് ലഭിച്ച അറിയിപ്പിലൂടെയും തടവുകാരന്റെ മരണം എസ്.ഐ.യു. അറിഞ്ഞിരുന്നു. മരിച്ചയാളെ ഏജന്‍സി കസ്റ്റഡിയിലെടുത്തിരുന്നെന്നും അയാളെ ഉദ്യോഗസ്ഥരിലൊരാള്‍ ആക്രമിച്ചെന്നും അതിന്റെ ഫലമായി ഒന്നിലധികം പരിക്കുകളേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിയിരുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
എസ്.ഐ.യു. ഉടന്‍ തന്നെ അന്വേഷണമേറ്റെടുത്തു. പരിക്കുകളുടെ സ്വഭാവവും മരണകാരണവും നിര്‍ണ്ണയിക്കാന്‍ ഫോറന്‍സിക് ഫിസിഷ്യനെ നിയോഗിച്ചു. മരിച്ചയാളെ അറസ്റ്റ് ചെയ്ത സമയം മുതല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും കണ്ടെത്തി. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് അദ്ദേഹത്തെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്നും വ്യക്തമായി.
ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍, ദൃശ്യങ്ങള്‍ എന്നിവ എസ്.ഐ.യു. പരിശോധിച്ചു. സംഭവസ്ഥലവും പരിശോധിച്ചു. പോലീസിന്റെ അന്വേഷണം ശക്തമാക്കാന്‍ ഉത്തരവിട്ടു. കൂടാതെ മരിച്ചയാളുടെ പിതാവിന്റെയും സംഭവത്തിലെ സാക്ഷികളുടെയും മൊഴികള്‍ കേട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അയാള്‍ തന്റെ പ്രവൃത്തികള്‍ സമ്മതിച്ചു.
അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും ഹൈ ക്രിമിനല്‍ കോടതിയിലേക്ക് വിചാരണയ്ക്ക് റഫര്‍ ചെയ്യാനും എസ്.ഐ.യു. ഉത്തരവിട്ടത്.


