
മനാമ: ബഹ്റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ പദ്ധതിയുടെ സീസൺ 12ന് തുടക്കമായി. തൂബ്ലിയിലെ രണ്ട് വർക്ക് സൈറ്റുകളിലാണ് ഈ വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി അനീഷ് കെ.വി ഉദ്ഘാടനം ചെയ്തു. തൂബ്ലിയിലെ സിബാർക്കോ, അൽ റാഷിദ് ഗ്രൂപ്പ് എന്നീ തൊഴിലിടങ്ങളിലായിരുന്നു ആദ്യഘട്ട വിതരണം. തൊഴിലാളികൾക്ക് ദാഹജലം, പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ, സാൻഡ്വിച്ച്, പാൻകേക്ക്, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. വേനൽക്കാല ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കും ഇതോടൊപ്പം തുടക്കമായി.

കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഈ ജീവകാരുണ്യ പദ്ധതി ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം, സ്വദേശികളും വിദേശികളും, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബുകൾ, കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെ ജനകീയ കാരുണ്യപ്രവർത്തനമായി വളർന്നതായി ബി.എം.ബി.എഫ് ഭാരവാഹികൾ അറിയിച്ചു. 2026ലെ ബി.എം.ബി.എഫ് ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ പദ്ധതി സെപ്റ്റംബർ വരെ തുടരും. പരിപാടികൾക്ക് കാസിം പാടത്തകായിൽ, മണിക്കുട്ടൻ, മൊയ്തീൻ പയ്യോളി, മൂസക്കുട്ടി ഹാജി, ഹുസൈൻ വയനാട്, ദിനേശ് പള്ളിയാലിൽ എന്നിവർ നേതൃത്വം നൽകി.


