
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കമാകും. കയറ്റുമതി–ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നതോടെ ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും.
ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടനുബന്ധിച്ച് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മിറ്റിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കും. മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
കേരള സർക്കാർ–അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിപ്പിച്ചത്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും ലോകത്തിലെ വലിയ മദർ ഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചതും വിഴിഞ്ഞത്തെ ലോകോത്തര മാരിടൈം ഹബ്ബായി ഉയർത്തിയിട്ടുണ്ട്.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് എക്സിം സേവനങ്ങൾ ആരംഭിക്കുന്നത്. ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പുതിയ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും ഇത് വഴിയൊരുക്കും.
എക്സിം പ്രവർത്തനങ്ങളുടെ തുടക്കം സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന പദ്ധതിയായ മിഷൻ സമുദ്രയുടെ നിർണായക നാഴികക്കല്ലായിരിക്കും. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ രാജ്യത്തെ പ്രധാന മാരിടൈം–ലോജിസ്റ്റിക്സ് കേന്ദ്രമാക്കുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂർണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, പൊതുഉപയോഗത്തിനുള്ള തുറമുഖമായി എല്ലാ ഷിപ്പിംഗ് കമ്പനികൾക്കും സേവനം തുടരും. ഇതോടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.


