
കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായം നൽകിയ ശേഷം ഗുണഭോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു.
വിഷയം വിശദമായി പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കമ്മിഷൻ നിർദേശിച്ചു. സർക്കാർ ഇതിനകം സ്വീകരിച്ച നടപടികൾ, ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ, ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്നിവ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവിട്ടത്.
കേസിന്റെ തുടർപരിഗണന ഓഗസ്റ്റ് 18ന് കണ്ണൂരിൽ നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ നടക്കും.
സഹായം സ്വീകരിക്കുന്നവരുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി സഹീർ ചാലിൽ നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുമെന്ന ആശങ്ക കാരണം, സഹായം ഏറ്റവും ആവശ്യമായ പലരും പോലും ജീവകാരുണ്യ സഹായം സ്വീകരിക്കാൻ മടിക്കുന്ന സാഹചര്യമുണ്ടാകുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


