
മനാമ: വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉപയോഗിച്ച് ലോൺ നേടാൻ ശ്രമിച്ച 24 ഏഷ്യൻ പൗരന്മാരെ ബഹ്റൈൻ അധികൃതർ പിടികൂടി. ഇലക്ട്രോണിക് ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ ലഭിക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
ബഹ്റൈനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കൃത്രിമമായി തയ്യാറാക്കിയ സാലറി സർട്ടിഫിക്കറ്റുകൾ, വ്യാജ കമ്പനി സീലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ ലോൺ അപേക്ഷകൾ സമർപ്പിച്ചത്.
അപേക്ഷകരുടെ വരുമാനം യഥാർത്ഥത്തേക്കാൾ കൂടുതലായി കാണിച്ച് ധനകാര്യ സ്ഥാപനത്തെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ നേടാനുള്ള ശ്രമമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഒരു പരാതിയെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.


