
മനാമ: ബഹ്റൈന്റെ ജൂൺ മാസത്തെ ദേശീയ ഉൽപന്ന കയറ്റുമതിയിൽ അലുമിനിയം, ഇരുമ്പ്, സ്റ്റീൽ മേഖലകൾക്ക് ആധിപത്യം. ആകെ 259 ദശലക്ഷം ദിനാറിന്റെ കയറ്റുമതിയിൽ 77 ശതമാനവും ഈ മേഖലകളിൽ നിന്നാണെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവയുടെ സംയുക്ത കയറ്റുമതി മൂല്യം 199.5 ദശലക്ഷം ദിനാറാണ്.
അലുമിനിയവും അനുബന്ധ ഉൽപന്നങ്ങളും 116.2 ദശലക്ഷം ദിനാറിന്റെ കയറ്റുമതി നേടി. ഇരുമ്പും സ്റ്റീലും 50.2 ദശലക്ഷം ദിനാറും ഇവ ഉപയോഗിച്ച് നിർമിച്ച ഉൽപന്നങ്ങൾ 33.1 ദശലക്ഷം ദിനാറും സംഭാവന ചെയ്തു.
അലോയ് അലുമിനിയം വയറുകളുടെ കയറ്റുമതിയിലാണ് ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയത്. മാർച്ചിൽ 1.3 ദശലക്ഷം ദിനാറായിരുന്ന കയറ്റുമതി ഏപ്രിലിൽ 6.3 ദശലക്ഷമായും മേയിൽ 12.1 ദശലക്ഷമായും ഉയർന്നു. ജൂണിൽ ഇത് 19.1 ദശലക്ഷം ദിനാറിലെത്തി. വർഷത്തിലെ ആദ്യ രണ്ടു മാസങ്ങളിലെ ശരാശരിയെക്കാൾ 219.7 ശതമാനം കൂടുതലാണിത്.
അമേരിക്കയും സൗദി അറേബ്യയുമാണ് അലുമിനിയം വയറുകളുടെ പ്രധാന വിപണികൾ. അമേരിക്കയിലേക്ക് 10.1 ദശലക്ഷം ദിനാറിന്റെയും സൗദിയിലേക്ക് 4.7 ദശലക്ഷം ദിനാറിന്റെയും കയറ്റുമതി നടന്നു. ചെമ്പ് പൈപ്പുകളുടെ കയറ്റുമതിയും ജൂണിൽ 4.7 ദശലക്ഷം ദിനാറിലെത്തി. ആകെ 859 ടൺ ചെമ്പ് പൈപ്പുകളാണ് കയറ്റി അയച്ചത്. യു.എ.ഇയും സൗദിയുമാണ് പ്രധാന ഉപഭോക്താക്കൾ.
അതേസമയം, ജൂണിലെ ആകെ ഇറക്കുമതി 372.5 ദശലക്ഷം ദിനാറായിരുന്നു. പ്രധാന ഇറക്കുമതി ഇനമായ തങ്കക്കട്ടികളുടെ മൂല്യം 32.6 ദശലക്ഷം ദിനാറാണ്. ആകെ 677.8 കിലോഗ്രാം തങ്കക്കട്ടികൾ രാജ്യത്തെത്തി. ഓസ്ട്രേലിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നായി 31 ദശലക്ഷം ദിനാറിന്റെ അലുമിനയും ഇറക്കുമതി ചെയ്തു.
യു.കെയിൽ നിന്നുള്ള ജെറ്റ് എൻജിനുകൾ, യു.എ.ഇയിൽ നിന്നുള്ള ഗോതമ്പ് മാവ്, വിവിധ മരുന്നുകൾ എന്നിവയും പ്രധാന ഇറക്കുമതി ഇനങ്ങളിൽ ഉൾപ്പെട്ടു.
പുനർകയറ്റുമതി മേഖലയിൽ ജൂണിൽ 53.8 ദശലക്ഷം ദിനാറിന്റെ വ്യാപാരം രേഖപ്പെടുത്തി. 7.6 ദശലക്ഷം ദിനാറിന്റെ സ്വർണക്കട്ടികളും അഞ്ച് ദശലക്ഷം ദിനാറിന്റെ വിമാന എൻജിനുകളും വിമാനഭാഗങ്ങളും പ്രധാന പുനർകയറ്റുമതി ഇനങ്ങളായിരുന്നു.


