Author: news editor

മനാമ: ബഹ്‌റൈനിലെ പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച നടത്തും.ബദര്‍ അല്‍ തമീമി, അബ്ദുല്‍ വാഹിദ് ഖരാത്ത, അലി അല്‍ ദോസേരി, ഹമദ് അല്‍ ദോയ്, അബ്ദുല്ല അല്‍ റുഹൈമി എന്നീ എം.പിമാരാണ് നിര്‍ദേശം കൊണ്ടുവന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ കര്‍ശനമായി തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഡെലിവറി ബൈക്കുകള്‍ ഓടിക്കുന്നവര്‍ തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ഇത് അവഗണിക്കാനാവില്ലെന്നും അല്‍ തമീമി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതി ബില്‍ ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി.ഇരു സഭകളും തള്ളിയതിനെ തുടര്‍ന്ന് നിര്‍ദേശം ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്കയച്ചു. 2010ലെ സിവില്‍ സര്‍വീസ് നിയമ(48)ത്തിലെ 11ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. ബഹ്‌റൈനികളല്ലാത്തവരെ എപ്പോള്‍ നിയമിക്കാം, അനുയോജ്യമായ ബഹ്‌റൈനി ഉദ്യോഗാര്‍ത്ഥി ഇല്ലെങ്കില്‍ ഏതെല്ലാം നിബന്ധനകള്‍ക്ക് വിധേയമായായിരിക്കണം നിയമനം തുടങ്ങിയ വ്യവസ്ഥകളാണ് ഇതിലുള്ളത്.ബഹ്‌റൈനികളല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുണ്ടായിരിക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ബഹ്‌റൈനികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്.

Read More

മനാമ: ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ മറീന മാള്‍ ഔദ്യോഗികമായി ലേലത്തിന് വെച്ചു.ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന മാള്‍ സര്‍ക്കാരിന്റെ ലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയാണ് ലേലത്തിന് വെച്ചത്. ലേലത്തിന് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്.വലിയതോതില്‍ നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഒരു അവസരമാണിതെന്ന് മുനിസിപ്പാലിറ്റിയുടെ കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ സെഹ്ലി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി വന്നിറങ്ങിയ വിദേശി യുവാവ് അറസ്റ്റിലായി.കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ 32കാരന്റെ ബാഗില്‍ മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ഏതാണ്ട് നാലു ലക്ഷം ദിനാര്‍ വിലവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ എ.ടി.എം. കത്തിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനികളായ ഹസ്സന്‍ കാസിം അബ്ദുല്‍ കരീം (19), അലി ഇബ്രാഹിം അബ്ദുല്‍ ഹുസൈന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കാപ്പിറ്റല്‍ ഗവര്‍ണറേറ്ററിലെ നയീം പ്രദേശത്തുള്ള ഒരു ദേശീയ ബാങ്കിന്റെ എ.ടി.എമ്മിനാണ് തീവെച്ചത്. സ്‌ഫോടനമുണ്ടാക്കാന്‍ വേണ്ടി ഒരു ഗ്യാസ് സിലിണ്ടര്‍ അവിടെ കൊണ്ടുപോയി വെച്ച ശേഷമാണ് ഹസ്സന്‍ തീവെച്ചത്. ഇതിന് അലി സഹായിച്ചതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌ഫോടനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പോലീസ് അധികൃതര്‍ പറയുന്നു.

Read More

മനാമ: യെമനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ബഹ്‌റൈന്‍ നിരീക്ഷിക്കുന്നു. അവിടെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതില്‍ രാജ്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.ഈ സംഭവവികാസങ്ങള്‍ യെമന്റെ പരമാധികാരത്തിനും ആഭ്യന്തര സുരക്ഷിതത്വത്തിനും കടുത്ത ഭീഷണിയാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും യെമന്‍ ജനത വിവേകവും സംയമനവും പാലിക്കണമെന്നും ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.പ്രശ്‌നത്തിന് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെക്കന്‍ മേഖലയിലെ സംഘങ്ങളെ ഒരുമിച്ച് ഒരു സമ്മേളനത്തിലേക്ക് കൊണ്ടുവരാനുള്ള യെമന്‍ ഭരണകൂടത്തിന്റെ നീക്കത്തെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

Read More

മനാമ: ബഹ്‌റൈനിലെ 41% കിന്‍ഡര്‍ഗാര്‍ട്ടന്‍ അദ്ധ്യാപകരുടെ മാസശമ്പളം 150 ദിനാറില്‍ താഴെയാണെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈന്‍ ട്രേഡ് യൂണിയന്‍സ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.ഏറെ പ്രയാസകരമായ ജോലി- ജീവിത സാഹചര്യങ്ങളെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. ഇവരില്‍ 60% പേര്‍ക്ക് ബാലവിദ്യാഭ്യാസത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമയുണ്ട്. യോഗ്യതയും ഏറെ ഉത്തരവാദിത്വവുമുണ്ടായിട്ടും ഇവരുടെ ജീവിത സാഹചര്യം പിന്നോക്കാവസ്ഥയിലാണ്. നിയമപരമായ മിനിമം വേതനം ഇവര്‍ക്കില്ല.കിന്‍ഡര്‍ഗാര്‍ട്ടനുകളില്‍ ഏറെയും സ്വകാര്യ മേഖലയിലാണ്. സ്ഥിരമായ ഒരു തൊഴില്‍ കരാര്‍ അദ്ധ്യാപകര്‍ക്കില്ല. പലര്‍ക്കും അവധിക്കാലത്ത് ശമ്പളമില്ല. ജോലിക്ക് സുരക്ഷിതത്വമില്ല.ന്യായമായ മിനിമം വേതനം നിശ്ചയിച്ചും ജോലിത്തുടര്‍ച്ച ഉറപ്പാക്കിയും സാമൂഹ്യ ഇന്‍ഷുറന്‍സ് നല്‍കിയും ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ചില എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ എന്‍ഡുറന്‍സ് ഫെഡറേഷന്‍ റിഫയിലെ മിലിട്ടറി സ്‌പോര്‍ട്‌സ് യൂണിയന്‍ അറീനയില്‍ സംഘടിപ്പിച്ച റോയല്‍ ഇക്വസ്ട്രിയന്‍ ജമ്പിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രാന്‍ഡ് കോമ്പറ്റീഷനില്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇക്വസ്ട്രിയന്‍ ജമ്പിംഗ് ടീം ഒന്നാം സ്ഥാനം നേടി.ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെ ടീം സൂപ്പര്‍വൈസര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് മയൂഫ് അല്‍ റുഹൈമി അഭിനന്ദനം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നികുതി വെട്ടിപ്പും കസ്റ്റംസ് നിയമലംഘനവും നടത്തിയ കേസില്‍ രണ്ടു വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.വെട്ടിച്ച അതേ തുക പിഴയായി നല്‍കാനും കോടതി വിധിച്ചു. ഒരാള്‍ക്ക് 1,02,711 ദിനാറും മറ്റൊരാള്‍ക്ക് 2,07,044 ദിനാറുമാണ് പിഴ ചുമത്തിയത്.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍, കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെയും പണത്തിന്റെയും വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിയമം ലംഘിക്കുകയായിരുന്നു. നികുതി ചുമത്തേണ്ട വസ്തുക്കള്‍ കൈവശമുണ്ടായിരുന്നെങ്കിലും അത് വെളിപ്പെടുത്തിയില്ല. സംശയം തോന്നി നടത്തിയ പരിശോധനയില്‍ കൈവശമുള്ള വസ്തുക്കളും പണവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: ബഹ്‌റൈനില്‍ വ്യാജ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു തട്ടിപ്പ് നടത്തിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.ഇല്ലാത്ത യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഇവര്‍ ആളുകളില്‍നിന്ന് ബുക്കിംഗിനുള്ള കാശ് ഈടാക്കുകയായിരുന്നു. പിന്നീട് യാത്ര നടക്കാതെവന്നപ്പോള്‍ വഞ്ചിക്കപ്പെട്ടവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് 67കാരനായ ട്രാവല്‍ ഏജന്‍സി ഉടമയെയും 46കാരനായ കൂട്ടാളിയെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പരാതി ലഭിച്ചയുടന്‍ തന്നെ അന്വേഷിച്ചിരുന്നു. വൈകാതെ പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read More