Author: News Desk

ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിൽ ലഭ്യമായ 60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. ആകെയുള്ള 96,077 ബിരുദ സീറ്റുകളിൽ 197 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എംബിബിഎസ് സീറ്റുകളിൽ 50,000 സീറ്റുകൾ സർക്കാർ കോളേജുകളിലും 45,000 സീറ്റുകൾ സ്വകാര്യ കോളേജുകളിലുമാണ്.

Read More

തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയെക്കുറിച്ച് പരാതികൾ കൂടിയതോടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് ആശുപത്രിയുടെ പ്രത്യേക ചുമതല നൽകാൻ തീരുമാനം. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനാണ് നിർദ്ദേശം. മെഡിക്കൽ കോളേജ് ആശുപത്രിയെക്കുറിച്ചുള്ള പരാതികളെ തുടർന്ന് അന്വേഷണം നടക്കുകയാണ്. ഇതിനുപുറമെയാണ്, ഏകോപന ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് നല്‍കിയത്. പ്രസവത്തെ തുടർന്ന് നവജാത ശിശുവിന്‍റെ മരണവും പിന്നാലെ അമ്മയുടെ മരണവും ഏറെ പരാതികൾക്ക് ഇടയാക്കിയിരുന്നു. മുതിർന്ന ഡോക്ടർമാരില്ലാതെയാണ് പ്രസവ ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുയർന്നിരുന്നു. തുടക്കം മുതൽ രോഗിയെ പരിചരിച്ചിരുന്ന സീനിയർ ഡോക്ടറോട് അവധിയിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.

Read More

ന്യൂഡൽഹി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ റോഡ് നിർമ്മാണത്തെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്‍റെ 25 ശതമാനം നൽകുമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും ഗഡ്കരി പറഞ്ഞു. നിർമ്മാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി നൽകിയും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമ്മാണത്തെ പരാമർശിച്ചുകൊണ്ടാണ് ഗഡ്കരി കേരളത്തിലെ സ്ഥിതിഗതികൾ വിശദീകരിച്ചത്.  പെട്രോൾ വില വർദ്ധനവിൽ കേരളം ഉൾപ്പെടെ പല പ്രതിപക്ഷ സംസ്ഥാനങ്ങളും വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് ഹർദീപ് സിംഗ് പുരി ആരോപിച്ചു. പ്രതിപക്ഷ എം.പിമാർ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു പ്രതികരണം.

Read More

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഗവർണറുടെ പ്രസംഗം തയ്യാറാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ നിർദേശം നൽകി. ബജറ്റിന് മുമ്പല്ലെങ്കിലും അതിന് ശേഷം നയപ്രഖ്യാപനം വേണ്ടിവരും. ഗവർണറുമായി ഒത്തുതീർപ്പ് സാധ്യമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. പുതുവർഷത്തിന്‍റെ ആദ്യ സമ്മേളനം ചേരുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം. കഴിഞ്ഞ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനാൽ, അടുത്ത മാസത്തെ സമ്മേളനം ഈ സമ്മേളനത്തിന്‍റെ തുടർച്ചയായി പരിഗണിക്കും. ഈ സമ്മേളനത്തിന്‍റെ തുടർച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മാറ്റിവയ്ക്കാം. എന്നാൽ അടുത്ത സമ്മേളനം ചേരുമ്പോൾ നയപ്രഖ്യാപന പ്രസംഗം നടത്തണം.

Read More

തിരുവനന്തപുരം: വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം വഴയില സ്വദേശി സിന്ധു (50) ആണ് മരിച്ചത്. വഴയില സ്വദേശി രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിന്ധുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ് എന്നാണ് ഗാന്ധിജിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. പ്രതിമ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണെന്നും ഗുട്ടെറസ് പറഞ്ഞു. “സമാധാനപരമായ സഹവർത്തിത്വത്തിനും വിവേചനരാഹിത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു ഗാന്ധി. യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പ്രതിമ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കും. അതിന് നാം പ്രതിജ്ഞാബദ്ധരായിരിക്കണം,” ഗുട്ടെറസ് ട്വീറ്റ് ചെയ്തു.   ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്. യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിൽ പ്രസിഡന്‍റ് സിസാബ കൊറോസിയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും പങ്കെടുത്തു. ഇതാദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. ഗാന്ധിജിയുടെ ഈ പ്രതിമ ഇന്ത്യ സമ്മാനിച്ചതാണ്. പത്മശ്രീ ജേതാവും പ്രശസ്ത ഇന്ത്യൻ ശിൽപിയുമായ രാം സുതാറാണ് പ്രതിമ നിർമ്മിച്ചത്.

Read More

തന്‍റെ പ്രിയപ്പെട്ട നടനോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈയിലെടുത്ത് നടൻ വിജയ്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ഇതിനിടയിലാണ് വിജയ്യുടെയും ആരാധകന്‍റെയും മനോഹരമായ ചിത്രം വൈറലായത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചിത്രം എടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് വിജയ് കൈകളിലെടുത്തത്. വിജയ് മക്കൾ ഇയക്കം (വിഎംഐ) നേതാവ് ബസ്സി ആനന്ദ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ ഉടൻ തന്നെ വൈറലായി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ, ഇത്തരം ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിരുന്നില്ല. ഇത്തവണ തന്‍റെ പുതിയ ചിത്രമായ വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്.

Read More

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് ധർമോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുഎൻ കൗൺസിലിൽ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് നടന്ന ചർച്ചയിലാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് എസ് ജയശങ്കറിന്‍റെ രൂക്ഷ വിമർശനം ഉയർന്നത്. “ലോകം അംഗീകരിക്കാത്ത കാര്യത്തെക്കുറിച്ച് ചോദ്യം ഉയർത്തേണ്ട കാര്യംപോലുമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭരണകൂടം പിന്തുണ നല്‍കുന്ന കാര്യത്തിനും അത് ബാധകമാണ്. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് യുഎൻ സുരക്ഷാ കൗൺസിലിന് മുന്നിൽ ധാർമ്മിക ഉപദേശം നൽകാൻ യോഗ്യതയില്ലെന്നും” ജയശങ്കർ പറഞ്ഞു.

Read More

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി നടന്നതായി ബിജെപി ജില്ലാ പ്രസിഡന്‍റ് വി.കെ സജീവൻ. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം കദന കഥകൾ കെട്ടിച്ചമച്ച് പ്രതികളെ സംരക്ഷിക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും കേസിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ പണവും കോർപ്പറേഷന് തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്ക് തീരുമാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. അതുവരെ അറസ്റ്റ് ഉണ്ടായില്ല. ഇതിൽ ദുരൂഹതയുണ്ട്. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ വേണ്ടിയാണ് റിജിൽ തട്ടിപ്പ് നടത്തിയതെന്നാണ് കഥ. ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും എന്തുകൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയില്ലെന്നും അദ്ദേഹം ചോദിച്ചു. കേസിൽ പഞ്ചാബ് നാഷണൽ ബാങ്കും വീഴ്ച വരുത്തിയിട്ടുണ്ട്. റിജിൽ ബിനാമിയാണ്. റിജിലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് വി.കെ സജീവൻ ആവശ്യപ്പെട്ടു.

Read More

മുംബൈ: വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച കാർ ഓടിച്ചിരുന്ന ഡോ.അനിത പണ്ഡോള ആവർത്തിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചിരുന്നതായി കണ്ടെത്തി. സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണം അനിത പാണ്ഡോളയുടെ അശ്രദ്ധയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ഇവർ ആവർത്തിച്ച് നിയമം ലംഘിച്ചതായി കണ്ടെത്തിയത്. ഈ വർഷം ഒക്ടോബർ നാലിനാണ് ടാറ്റാ ഗ്രൂപ്പിന്‍റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ഡോളയും അപകടത്തിൽ മരിച്ചത്. അനിതാ പണ്ഡോളയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ കൂടിയാണ് ജഹാംഗീര്‍ പണ്ഡോള. 2020 നും 2022 നും ഇടയിൽ അനിതാ പണ്ഡോളയുടെ പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് 19 തവണ ഇ-ചലാൻ നൽകിയിട്ടുണ്ട്. ഇതിൽ 11 തവണയും അമിത വേഗത കാരണമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട കാറിന് തന്നെയാണ് ഇത്രയധികം പിഴ ചുമത്തിയിരുന്നതും. മുംബൈ ട്രാഫിക് പൊലീസിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് പാൽഘർ പൊലീസ് പറഞ്ഞു. അനിതാ പണ്ഡോളക്കെതിരായ കുറ്റപത്രത്തിൽ ഇക്കാര്യങ്ങളും ഉൾപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

Read More