Author: News Desk

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം) ഫീനിക്സ് എയ്ഞ്ചൽസും പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. കെഎസ്‌യുഎം സംഘടിപ്പിച്ച ഹഡില്‍ സിഗ്ലോബൽ കോണ്‍ക്ലേവ് 2022 ൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് കരാർ സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. തൃശൂരിലെ ഒരു നോൺ-പ്രോഫിറ്റ് നിക്ഷേപ ശൃംഖലയാണ് ഫീനിക്സ് ഏഞ്ചൽസ്. ജോ രഞ്ജി (ഡബിൾ ഹോഴ്സ് ഫുഡ്സ്), ഷിറാജ് ജേക്കബ് (എസ്ആർആർ ക്യാപിറ്റൽ), ഹരികൃഷ്ണൻ വി (ചാർട്ടേഡ് അക്കൗണ്ടന്‍റ്) എന്നിവരാണ് കമ്പനിയെ പിന്തുണയ്ക്കുന്നത്. ഫണ്ടിംഗ്, മെന്‍ററിംഗ്, മാർക്കറ്റ് ആക്സസ് എന്നിവ നൽകിക്കൊണ്ട് കമ്പനി ഫാമിലി ഓഫീസുകൾ, വിജയകരമായ സംരംഭകർ, പ്രൊഫഷണലുകൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ഇത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു. സ്റ്റാർട്ടപ്പ് മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത 5 സ്റ്റാർട്ടപ്പുകളിൽ ഫീനിക്സ് ഏഞ്ചൽസ് ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്നത്തെ സംരംഭകർക്ക് സാമ്പത്തിക മൂലധനം മാത്രമല്ല, വർഷങ്ങളായുള്ള വ്യവസായ അറിവിൽ നിന്നും അനുഭവ സമ്പത്തിൽ നിന്നും ലഭിക്കുന്ന മൂലധനവും ആവശ്യമാണെന്ന് ഷിറാജ് ജേക്കബ് പറഞ്ഞു.

Read More

ചിറ്റൊഗ്രാം: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ സ്‌കോര്‍ മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 271 റണ്‍സ് വേണം. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ആതിഥേയരെ തകർത്തത്. രണ്ടാം ദിനം 278 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 404 റൺസിന് ഓൾ ഔട്ടായി. 90 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 86 റൺസെടുത്തു. രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും ചേർന്നാണ് ഇന്ത്യയെ 400 കടക്കാൻ സഹായിച്ചത്. അശ്വിൻ 58 റൺസും കുൽദീപ് 40 റൺസും നേടി. ബംഗ്ലാദേശിനായി മെഹ്ദി ഹസനും തൈജുൽ ഇസ്ലാമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഖാലിദ് അഹമ്മദും ഇബാദത്ത് ഹുസൈനും ഓരോ വിക്കറ്റ് വീതവും നേടി.

Read More

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ബ്രിട്ടനിൽ നിന്ന് നാട് കടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിൻ്റെ നീക്കത്തിനും തിരിച്ചടിയായി. അപ്പീൽ നിരസിച്ചതോടെ നീരവ് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്നും വിചാരണ നേരിടേണ്ടി വരുമെന്നും വ്യക്തമായി. യൂറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക മാത്രമാണ് ഇനി നീരവിന് മുന്നിലുള്ള ഏക പോംവഴിയെന്നാണ് റിപ്പോർട്ടുകൾ. 11,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് 2018ലാണ് ഇന്ത്യ വിട്ടത്. 2019 മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലായ നീരവിനെ 2019 ഡിസംബറിൽ പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Read More

അബുദാബി: സ്വദേശിവൽക്കരണ നിയമ പ്രകാരം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും നിർദ്ദേശം നൽകി. നിയമം അനുസരിച്ച് 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ 2% സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് മന്ത്രാലയത്തിന്‍റെ ഓർമ്മപ്പെടുത്തൽ. 2026 ഓടെ സ്വദേശി അനുപാതം 10% വരെ ആയി ഉയർത്താനാണ് നിർദ്ദേശം. നിയമം ലംഘിക്കുന്ന കമ്പനിക്ക് പ്രതിവർഷം 72,000 ദിർഹം പിഴ ചുമത്തും. നിശ്ചിത പരിധിയേക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് തോതനുസരിച്ച് വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുന്നതുൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മുംബൈ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 74 കാരിയായ നടി വീണ കപൂർ ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈ പൊലീസിൽ പരാതി നൽകി. തന്‍റെ പേരിനോട് സാദൃശ്യമുള്ള മറ്റൊരാളാണ് ഇരയെന്നും വീണ കപൂർ പരാതിയിൽ പറയുന്നു. വ്യാജ മരണ വാർത്തക്കെതിരെ രംഗത്തെത്തിയ വീണ കപൂറിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. “ഇത് വ്യാജ വാർത്തയാണ്. വീണ കപൂർ എന്നൊരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ഞാൻ ആ വീണ കപൂറല്ല. ഞാൻ താമസിക്കുന്നത് ഗോർഗാവിലാണ്, ജുഹുവിലല്ല. ഞാൻ എന്‍റെ മകനോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് താനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്,” വീണ കപൂർ പറഞ്ഞു. താൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഇത് തെറ്റായ വാർത്തയാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മകൻ തന്നെ കൊന്നു എന്ന വാർത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.

Read More

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും മറ്റ് രാജ്യങ്ങൾക്കും ദുഷ്കരമായിരിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലിശ നിരക്ക് ഉയരുകയും കയറ്റുമതി കുറയുകയും ചെയ്യുന്നതിനാൽ അടുത്ത വർഷം 5 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അടുത്ത വർഷം 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ അത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളെ കുറിച്ചും രഘുറാം രാജന്‍ സംസാരിച്ചു. കോവിഡ് -19 മഹാമാരി വളർച്ചാ നിരക്ക് മന്ദഗതിയിലാകാനുള്ള കാരണങ്ങളിൽ ഒന്നാണെന്നും എന്നാൽ പകർച്ചവ്യാധിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലായിരുന്നുവെന്നും വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കീവ്: 10 മാസം നീണ്ട യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ നൽകാനുള്ള യുക്രെയ്നിന്‍റെ സമാധാന നീക്കത്തിന് തിരിച്ചടി. വെടിനിർത്തലിന് തയ്യാറല്ലെന്ന് റഷ്യ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം അവസാനിപ്പിക്കാമെന്നുള്ള പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റത്. യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ ഒരു ചർച്ചയും നടക്കുന്നില്ല. ആഴ്ചകളോളം നീണ്ട സമാധാനത്തിനൊടുവിൽ ബുധനാഴ്ചയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവീന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് സെന്‍ററിലെ രണ്ട് പ്രധാന കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും വ്യോമപ്രതിരോധ സംവിധാനം ഇവയെ വലിയ തോതിൽ പ്രതിരോധിച്ചു. 13 ഡ്രോണുകൾ തകർക്കാൻ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞതായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് യുദ്ധം ബാധിച്ചത്. ഇരു രാജ്യങ്ങളും കൃത്യമായ മരണസംഖ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

ന്യൂഡല്‍ഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാതിരിക്കാൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാൻ സ്വീകരിച്ച നടപടികളോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ രൂപീകരിച്ച സമിതി റൺവേയുടെ ഇരുവശങ്ങളിലും സേഫ് സോൺ(റിസ) നിർമ്മിക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ചെലവ് വഹിക്കുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് ഇതുവരെ സമയോചിതമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സർക്കാരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ കേരളം വിശദമായ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. വിമാനങ്ങൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നിലവിലെ റൺവേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Read More

വെല്ലിങ്ടണ്‍: കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. 32 കാരനായ വില്യംസണ്‍ ഏകദിന 20-20 ടീമുകളുടെ നായക സ്‌ഥാനത്ത് തുടരും. വില്യംസണ് പകരം സീനിയർ ബാറ്റ്സ്മാൻ ടിം സൗത്തി നായക സ്ഥാനത്തെത്തും. 2016 ൽ ബ്രണ്ടന്‍ മക്കല്ലം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി ചുമതലയേറ്റത്. 40 ടെസ്റ്റുകളിൽ അദ്ദേഹം ടീമിനെ നയിച്ചു. ടീമിനായി 22 മത്സരങ്ങളിൽ ജയം സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു. വില്യംസണിൻ്റെ കീഴിലാണ് ന്യൂസിലന്‍ഡ് 2021-ലെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിഞ്ഞത്.

Read More

ലോകമെമ്പാടും ആരാധകരുള്ള ഡി സിയുടെ സൂപ്പർഹീറോ സിനിമയായ ‘സൂപ്പർമാനി’ൽ ഹെൻറി കാവിലാണ് സൂപ്പര്‍മാനായി എത്താറുള്ളത്. എന്നാൽ ആരാധകരെ നിരാശരാക്കി താൻ ഇനി സൂപ്പർമാൻ ആകില്ലെന്ന വാർത്തയുമായി ഹെന്‍റി കാവിൽ രംഗത്തെത്തിയിരിക്കുകയാണ്. ഡിസി അധികൃതരായ ജെയിംസ് ഗൺ, പീറ്റർ സഫ്രാൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് ഹെന്‍റി കാവിൽ പറഞ്ഞു. സൂപ്പർമാന്റെ ചെറുപ്പകാല കഥ സിനിമയാക്കാനാണ് ഡി സിയുടെ തീരുമാനം. ആയതിനാൽ പുതിയ താരമായിരിക്കും സൂപ്പർമാനായി ഇനി ചിത്രത്തിൽ വരുന്നത്.

Read More