Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പിൽ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 91886-19380 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ദൃശ്യങ്ങൾ അയയ്ക്കാം. ആദ്യം ഡ്രൈവറെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റ് സംഭവിച്ചാൽ കർശനമായി ശിക്ഷിക്കുകയും ചെയ്യാനുള്ള തീരുമാനത്തിലാണ് ഗതാഗത വകുപ്പ്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് പരിഷ്കാരങ്ങളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കുഴൽമന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നാണ് ഭരണപക്ഷ യൂണിയനുകളുടെ വിമർശനം.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നത് മലയാളത്തിലായിരുന്നു. പിണറായി സർക്കാരിനെ പ്രകീർത്തിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. ‘സാമൂഹ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം മാതൃകയായി മാറി. ലോകത്തിന് തന്നെ പ്രചോദനമായി. അടിസ്ഥാന സൗകര്യ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാരിൻ്റെ നവകേരളം ഊന്നൽ നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും വലിയ നേട്ടമുണ്ടാക്കി,’ ഗവർണർ പറഞ്ഞു. ലൈഫ് പദ്ധതിയെയും ഗവർണർ അഭിനന്ദിച്ചു. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്‍റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്തേകി. ആരോഗ്യരംഗത്ത് കേരളം വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. ആർദ്രം മിഷൻ കേരളത്തിന്‍റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള ഇടങ്ങളിൽ ഈ പുരോഗതി പ്രകടമാണ്. കേരളത്തിന്‍റെ കാർഷിക പദ്ധതികൾ ഭക്ഷ്യസുരക്ഷയും കർഷകർക്ക് വരുമാനവും തൊഴിലവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: തുടർച്ചയായുള്ള യാത്രക്കാരുടെ മോശം പെരുമാറ്റത്തിൻ്റെ സാഹചര്യത്തിൽ വിമാനത്തിനുള്ളിലെ മദ്യനയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ. അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിജിസിഐ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു. ജനുവരി 19 ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ക്രൂ നൽകാതെ യാത്രക്കാരെ മദ്യപിക്കാൻ അനുവദിക്കില്ല. മാത്രമല്ല, സ്വന്തമായി കൊണ്ട് വന്ന് മദ്യപിക്കുന്നവരുണ്ടോയെന്നും ജീവനക്കാർ ശ്രദ്ധിക്കണം. എയർ ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങളിൽ യാത്രക്കാർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഉൾപ്പെടുന്നു. ഈ നയമനുസരിച്ച്, ഒരു യാത്രക്കാരനെയും ജീവനക്കാർ മദ്യപാനി എന്ന് വിളിക്കരുത്. അവരുടെ പെരുമാറ്റം മോശമാണെങ്കിൽ, അത് അവരെ പറഞ്ഞ് മനസ്സിലാക്കണം. യാത്രക്കാർ ശബ്ദമുയർത്തി സംസാരിക്കരുതെന്നും നിർദേശമുണ്ട്.

Read More

വാഷിങ്ടൻ: ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും ഉയർത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി വിവാദമായ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഈ നിലപാട്. “ലോകമെമ്പാടും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ ജനാധിപത്യ തത്വങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്”. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ബന്ധങ്ങളിൽ തങ്ങൾ ഇക്കാര്യം ഉറപ്പാക്കുന്നുവെന്നും യുഎസ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. താൻ ഡോക്യുമെന്‍ററി കണ്ടിട്ടില്ല. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്കറിയാം. അവ അതേപടി നിലനിൽക്കും. ഇന്ത്യയിലെ നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴെല്ലാം തങ്ങൾ അതിനോട് പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിലെ റിപ്പബ്ലിക് ദിനം വളരെ സവിശേഷമാണെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചാണ് രാജ്യത്തിൻ്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയർത്തും. ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസി രാജ്യത്തിൻ്റെ മുഖ്യാതിഥിയാകും. ലഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്ത് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകും. 144 അംഗ ഈജിപ്ഷ്യൻ സൈനിക സംഘവും പരേഡിന്‍റെ ഭാഗമാകും. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ, ആറ് മന്ത്രാലയങ്ങൾ എന്നിവരുടെ ഫ്ലോട്ടുകളാണ് പരേഡിൽ പ്രദർശിപ്പിക്കുന്നത്. സ്ത്രീശാക്തീകരണമാണ് കേരളത്തിന്‍റെ നിശ്ചലചിത്രത്തിൻ്റെ പ്രമേയം.

Read More

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ വ്ലോഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയുടെ റിവ്യൂവിനെ ചൊല്ലിയാണ്‌ മലപ്പുറം സ്വദേശിയായ വ്ലോഗറും നടനും തമ്മിൽ വാക്കുതർക്കമുണ്ടായത്. 30 മിനിറ്റിലധികം നീണ്ടുനിന്ന തർക്കത്തിന്‍റെ ഓഡിയോ വ്ലോഗർ പുറത്തുവിട്ടു. സിനിമയെ വിമർശിച്ചതിന് നടൻ തന്നെ തെറിവിളിച്ചതായും വ്ലോഗർ പറഞ്ഞു. എന്നാൽ ചിത്രത്തിൽ അഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അപമാനിച്ചതിനാലാണ് തനിക്ക് ദേഷ്യം വന്നതെന്നാണ് ഉണ്ണി പറഞ്ഞു. ഓഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ തന്‍റെ ഭാഗം ന്യായീകരിച്ച് നടൻ രംഗത്തെത്തി. തെറ്റുപറ്റിയെന്ന് താൻ പറയുന്നില്ലെന്നും വിവാദ ഫോൺ സംഭാഷണത്തിന് ശേഷം താൻ ആ വ്യക്തിയെ വിളിച്ച് മാപ്പ് ചോദിച്ചെന്നും ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നു. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെ ആക്കിയെന്നു പറഞ്ഞപ്പോൾ അത് അച്ഛനെയും അമ്മയെയും മോശമായി പറയുന്നതായാണ് തനിക്ക് തോന്നിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. …

Read More

ന്യൂഡല്‍ഹി: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) നിർണായക യോഗം അടുത്തയാഴ്ച ചേരും. ഫെബ്രുവരി നാലിന് ബഹ്റൈനിൽ നടക്കുന്ന യോഗത്തിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്‍റിന് യഥാർത്ഥത്തിൽ ആതിഥേയത്വം വഹിക്കാനിരുന്നത് പാകിസ്ഥാനാണ്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെന്‍റിന്‍റെ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റിയാൽ ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായിരുന്ന റമീസ് രാജ നേരത്തെ പറഞ്ഞിരുന്നു. റമീസിന് പകരം നജാം സേത്തി പാകിസ്ഥാൻ ക്രിക്കറ്റ് പ്രസിഡന്‍റായെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് ഏറെക്കുറെ സമാനമാണ്. എന്നാൽ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാന് കാര്യമായ പിന്തുണയില്ല. ഈ സാഹചര്യത്തിലാണ് എസിസി യോഗം ചേരുന്നത്.

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രം ‘എലോൺ’ ഇന്ന് തിയേറ്ററുകളിലെത്തും. 12 വർഷങ്ങൾക്ക് ശേഷം മോഹൻ ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ തിയേറ്റർ ലിസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കേരളത്തിൽ മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് എലോൺ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്യും.  2023 ലെ മോഹൻലാലിന്‍റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും എലോണിനുണ്ട്. എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ പറഞ്ഞിരുന്നു. ചിത്രം തിയേറ്ററുകളിൽ എത്തിയാൽ പ്രേക്ഷകർ സിനിമ ലാഗാണെന്ന് അഭിപ്രായപ്പെടുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ഈ തീരുമാനം പിന്നീട് മാറ്റുകയും എലോൺ തിയേറ്ററിൽ എത്തിക്കുകയും ചെയ്തു. ഹൊറർ എന്‍റർടെയ്നറാണോ എന്ന സംശയം ഉയർത്തിക്കൊണ്ടുള്ള ചിത്രത്തിന്‍റെ ടീസറുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.  ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറിലാണ് മോഹൻലാലും ഷാജി കൈലാസും അവസാനം ഒന്നിച്ചത്.…

Read More

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സാംസ്കാരിക പാരമ്പര്യമനുസരിച്ച്, പുതിയ കാര്യം ആരംഭിക്കുന്നതിനു മുമ്പ് മധുരപലഹാരങ്ങൾ കഴിക്കണമെന്നാണ്. കേന്ദ്ര ബജറ്റിന്‍റെ കാര്യത്തിലും ഇന്ത്യക്കാർ ഈ പാരമ്പര്യം പിന്തുടരുന്നു. ഇതിനെ ‘ഹൽവ ചടങ്ങ്’ എന്നാണ് വിളിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള പരമ്പരാഗത ഹൽവ ചടങ്ങ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ സാന്നിധ്യത്തിൽ നടക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ആസ്ഥാനമായ നോർത്ത് ബ്ലോക്കിലാണ് ഹൽവ ചടങ്ങ് നടക്കുക. പരമ്പരാഗതമായി, കേന്ദ്ര സർക്കാർ എല്ലാ വർഷവും ഹൽവ ചടങ്ങ് നടത്താറുണ്ട്. ഈ ചടങ്ങോടെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ അവസാനിക്കുകയാണ്. കൂടാതെ, ബജറ്റ് അവതരണത്തിന്‍റെ ആരംഭവുമാണിത്. ഒരു വലിയ പാത്രത്തിൽ ഹൽവ തയ്യാറാക്കി ധനകാര്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് നൽകുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ബജറ്റ് നിർമ്മാണ പ്രക്രിയയുടെ പൂർത്തീകരണമാണ് ഹൽവ ചടങ്ങ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷം ചടങ്ങ് നടന്നിരുന്നില്ല.

Read More

കോട്ടയം : തൊഴിലുറപ്പ് വരുമാനം കൂട്ടിവച്ച് റിപ്പബ്ലിക് ദിനത്തിൽ ആദ്യ വിമാനയാത്ര നടത്തി തൊഴിലാളികൾ. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിളക്കാംകുന്ന് 12ആം വാർഡിലെ സ്ത്രീകളാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയത്. ഹരിതകർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് എന്നീ മേഖലകളിൽ നിന്നുള്ളവരായിരുന്നു യാത്രികർ. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സാധ്യമായതെന്ന് കൂട്ടത്തിൽ ഏറ്റവും മുതിർന്ന ചെല്ലമ്മ പറഞ്ഞു. വിമാന യാത്രയുടെ ചിത്രങ്ങളും മറ്റും സംഘത്തെ നയിക്കുന്ന സാലി രാജൻ വാട്സാപ്പിൽ പങ്കുവെച്ചതായിരുന്നു യാത്രയുടെ പ്രചോദനം. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് അംഗവുമായ എബിസൺ കെ. എബ്രഹാം പിന്തുണ നൽകിയതോടെ യാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഒരു വർഷത്തോളമായി സ്വരൂപിച്ച 73,000 രൂപ കൊണ്ടാണ് ടിക്കറ്റ് എടുത്തത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് യാത്രയിൽ അധികവും. വിദ്യാർത്ഥികളെ വിമാന യാത്രയിൽ നയിച്ച് പരിചയമുള്ള കുഴിമറ്റം സെന്റ്.ജോർജ് എൽ.പി സ്കൂൾ അധ്യാപകനും, അദ്ദേഹത്തിന്റെ ഭാര്യ എം.സി ബിൻസിയും യാത്രക്കാർക്ക് വേണ്ട സഹായത്തിനായി കൂടെയുണ്ട്.

Read More