Author: News Desk

ന്യൂഡല്‍ഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും. ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച ലോക്സഭയിൽ പൊതു ബജറ്റ് അവതരിപ്പിക്കും. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ സാമ്പത്തിക സർവേയും ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച വ്യാഴാഴ്ച ഇരുസഭകളിലും ആരംഭിക്കും. ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും. നന്ദിപ്രമേയം പരിഗണിച്ച ശേഷമാകും ബജറ്റ് ചർച്ച. ആദ്യ രണ്ട് ദിവസങ്ങളിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് പാർലമെന്‍ററി ബുള്ളറ്റിനിൽ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഭാരത് ജോഡോ യാത്രയിലൂടെ എല്ലാ സാമൂഹിക വിരുദ്ധരെയും ഒരുമിച്ച് കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞുവെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ ത്യാഗം മൂലമാണ് രാഹുൽ ഗാന്ധിക്ക് ദേശീയ പതാക ഉയർത്താൻ സാധിച്ചത്. യാത്രയ്ക്കിടെ കേരളത്തിലെ റോഡുകളിൽ കോണ്‍ഗ്രസ് നേതാക്കള്‍ ബീഫ് പാര്‍ട്ടി നടത്തിയെന്നും സുധാംശു വിമർശിച്ചു. ഡൽഹിയിൽ ബി.ജെ.പി. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധാംശു ഭാരത് ജോഡോ യാത്രയ്ക്കെതിരെ പരാമർശം നടത്തിയത്. യാത്ര രാഷ്ട്രീയ പ്രേരിതവും വിദ്വേഷവാദികൾ ഉൾപ്പെട്ടതുമായിരുന്നു. രാജ്യത്തെയും സമൂഹത്തെയും വിഭജിച്ച പാർട്ടി ഇപ്പോൾ അവരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. യാത്രയ്ക്കിടെ കേരളത്തിലെ റോഡുകളിൽ കോൺഗ്രസ് നേതൃത്വം ബീഫ് പാർട്ടി നടത്തി. യാത്രയിൽ പങ്കെടുത്ത കനയ്യ കുമാർ ഉൾപ്പടെയുള്ളവർ തുക്ക്‌ടെ തുക്ക്‌ടെ സംഘത്തിലുള്ളവരാണ്. ഇത്തരക്കാരെ കൂടെ കൂട്ടുന്നതിലൂടെ എന്ത് തരത്തിലുള്ള സ്നേഹ പ്രചാരണമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും സുധാംശു…

Read More

തിരുവനന്തപുരം: അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡി.ജി.പി നിയമോപദേശം തേടി. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. തുടർനടപടികളിലെ നിയമോപദേശം തേടിയാണ് ഡി.ജി.പിയുടെ നടപടി. സൈബി ഹാജരായ രണ്ട് കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ നടപടി. പതിനൊന്ന് പ്രതികൾ വിവിധ കേസുകളിലായി ജാമ്യം നേടിയിരുന്നു.

Read More

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സഞ്ചരിച്ച പ്രത്യേക വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ മൂലമാണ് തിരിച്ചിറക്കിയത്. ആഗോള നിക്ഷേപക സംഗമത്തിന്‍റെ ആലോചനാ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുകയായിരുന്നു ജഗൻ. വൈകീട്ട് അഞ്ച് മണിയോടെ വിജയവാഡയിലെ ഗന്നാവരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടി. വൈകീട്ട് 5.03ന് പുറപ്പെട്ട വിമാനം 5.27ന് തിരിച്ചിറക്കി. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. യാത്ര നാളെത്തേക്കു മാറ്റി വെക്കുകയാണുണ്ടായത്.

Read More

ഷവോമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ആഗോള വൈസ് പ്രസിഡന്‍റുമായിരുന്ന മനു കുമാർ ജെയിൻ രാജിവച്ചു. ചൈനീസ് ടെക് ഭീമനായ ഷവോമിയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ ബ്രാൻഡാക്കി മാറ്റിയതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മനു കുമാർ രാജി വച്ച വിവരം അറിയിച്ചത്. “മാറ്റം ജീവിതത്തിൽ എല്ലായ്പ്പോഴും ശാശ്വതമായ ഒരു കാര്യമാണ്! കഴിഞ്ഞ 9 വർഷമായി, നിങ്ങളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അത് ഈ വിടവാങ്ങൽ വളരെ ബുദ്ധിമുട്ടുള്ളതാക്കുന്നു. എല്ലാവർക്കും നന്ദി”, മനു കുമാർ തന്റെ ട്വീറ്റിൽ കുറിച്ചു.

Read More

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസ് നടത്തണമെന്ന് നിർദേശം. പല യൂണിറ്റുകളിലും ഓടാതെ കെഎസ്ആർടിസി ബസ് നിർത്തിയിട്ടയതിനെ തുടർന്നാണിത്. മറ്റന്നാൾ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്ന് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവികൾക്ക് നിർദ്ദേശം നൽകി. ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. ഇപ്പോൾ 4,400 സർവീസ് മാത്രമാണുള്ളത്.

Read More

തിരുവനന്തപുരം: ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് ശമ്പളം വേണ്ട പകരം ഓണറേറിയം അനുവദിക്കണമെന്ന് ആവശ്യപെട്ട് സർക്കാരിന് കത്ത് നൽകി. കെ വി തോമസിന്‍റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും തീരുമാനിക്കേണ്ടത് ധനകാര്യവകുപ്പാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉത്തരവിറക്കും. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്നും കത്തിൽ തോമസ് അഭ്യർത്ഥിച്ചു. ഡൽഹി കേരള ഹൗസിലാണ് കെ വി തോമസിന്‍റെ ഓഫീസ് പ്രവർത്തിക്കുക. എറണാകുളത്തും ഓഫീസുണ്ടാകും. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ശമ്പളത്തിൽ ഉൾപ്പെടുന്നു. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയം എന്ന് പറയുന്നത്.

Read More

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വർഷത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ഇന്ത്യ എന്ന ആശയം തന്നെ വ്രണപ്പെടുകയാണ് ഉണ്ടായതെന്നും ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ആദർശങ്ങൾ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലിയർപ്പിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മതേതര ഇന്ത്യ വിഭാവനം ചെയ്തതിന്‍റെ പേരിൽ ഗാന്ധിജിയെ വർഗീയവാദികൾ ഇല്ലാതാക്കി. ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിന് പകരം ഗാന്ധിജി മരണപ്പെട്ടു എന്ന് കുട്ടികളെ പഠിപ്പിക്കുന്ന സാഹചര്യം പോലും ഇന്ന് ഉണ്ടെന്നും സംഘപരിവാർ എല്ലായ്പ്പോഴും ഗാന്ധിജിയെ ഭയക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർഗീയ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായ പ്രതിരോധം ഉയർത്താൻ തയ്യാറാകുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട കടമയെന്നും, രാജ്യത്തിന്‍റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ പോരാടാൻ തയ്യാറാണെന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.

Read More

പട്ന: ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദളുമായി സഖ്യം വേണ്ടെന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാർ. ബിഹാറിൽ ബിജെപിയുടെ ഏറ്റവും മികച്ച വിജയം ജെഡിയുവുമായി സഖ്യമുണ്ടാക്കിയ തിരഞ്ഞെടുപ്പിലാണെന്ന് നിതീഷ് ഓർമ്മിപ്പിച്ചു. ജെഡിയു-ബിജെപി സഖ്യത്തിന് മുസ്ലീം വോട്ടുകൾ പോലും ലഭിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ഭയം മറന്നാണ് മുസ്ലീങ്ങൾ സഖ്യത്തെ പിന്തുണച്ചത്. മുസ്ലീങ്ങളെ സംരക്ഷിക്കാനുള്ള മഹാത്മാഗാന്ധിയുടെ പ്രതിബദ്ധതയോട് വിയോജിച്ചവരാണ് അദ്ദേഹത്തെ വധിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് ബിജെപിയേക്കാൾ കുറവ് സീറ്റുകൾ ലഭിച്ചതിനാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഞാൻ വിമുഖത കാണിച്ചു. ജെഡിയു വോട്ടുകൾ ലഭിച്ചതിനാലാണ് ബിജെപിക്ക് മികച്ച വിജയം നേടാനായത്. അതേസമയം, ജെഡിയുവിന് ബിജെപിയുടെ വോട്ടുകൾ ലഭിച്ചിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

Read More

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്ന് എം ശിവശങ്കർ ഇമെയിൽ വഴിയാണ് അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഇ.ഡി അറിയിച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനിലക്കാരിയായ സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയതെന്നും ആണ് ഇ.ഡിയുടെ കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.

Read More