Author: News Desk

കൊച്ചി: അറസ്റ്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കോഴ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൈക്കൂലി ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് എഫ്.ഐ.ആറും അറസ്റ്റും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സൈബിയുടെ ഹർജി പരിഗണിച്ചത്. പ്രാഥമിക വാദം കേട്ട കോടതി സൈബിയുടെ ആവശ്യങ്ങൾ തള്ളി. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. ധൃതിപിടിച്ച് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഹര്‍ജി എന്തിനാണ് ഫയല്‍ ചെയ്തതെന്നും കോടതി ചോദിച്ചു. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടക്കട്ടേയെന്നും സത്യം പുറത്തുവരട്ടെയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തിൽ പോലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Read More

പത്തനംതിട്ട: ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം സർവീസ് സഹകരണ ബാങ്കിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി ആവശ്യം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എസ്.എച്ച്.ഒ എസ്.ശ്രീകുമാർ പറഞ്ഞു.

Read More

നടിയെ ആക്രമിച്ച കേസിൽ വിമൻ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ പിന്തുണ ഉണ്ടാകുമായിരുന്നുവെന്ന് ഇന്ദ്രൻസ്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കവെയാണ് ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് വ്യക്തമാക്കിയത്. സംഘടന രൂപീകരിച്ചില്ലെങ്കിലും നിയമപോരാട്ടം നടക്കുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഒരു സംഘടനയ്ക്ക് എത്രത്തോളം പ്രശ്നങ്ങളെ ചെറുക്കാനാകും, സ്വയംസുരക്ഷ ഉറപ്പാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡബ്ല്യു.സി.സിയുടെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഇന്ദ്രൻസ്. സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പുരുഷൻമാരേക്കാൾ ഉയർന്നവരും വികസിതരുമാണ്. അത് മനസിലാകാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് സർക്കാർ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതാണെന്നും അവർ വിമർശിച്ചു. ഭൂമിയും തുറമുഖങ്ങളും അദാനി ഗ്രൂപ്പിന് നൽകിയത് ബിജെപി സർക്കാരല്ലെന്നും മോദി സർക്കാരിനു കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയതെന്നും നിർമ്മല പറഞ്ഞു. രാജസ്ഥാൻ, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി സർക്കാരുകൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചത് മറ്റ് സർക്കാരുകൾ അധികാരത്തിലിരുന്നപ്പോഴായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരുസഭകളും തടസ്സപ്പെടുത്തുകയും ചർച്ചകൾ ഒഴിവാക്കുകയും ചെയ്യുന്നുവെന്നും നിർമ്മല ആരോപിച്ചു. പാർലമെന്‍റ് സമ്മേളനം നടക്കുകയാണ്. സമ്മേളന സമയത്ത് സഭയിൽ ഇരിക്കുന്നതിനുപകരം, അവർ ആക്രോശിക്കുകയും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്ലക്കാർഡുകൾ പിടിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും മന്ത്രി വിമർശിച്ചു.

Read More

മ​സ്ക​ത്ത്​: പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യം ഭക്ഷിക്കുകയോ ഈ പ്രദേശങ്ങളിൽ നീന്തുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. ദു​കം, മ​സീ​റ വിലായത്തു​ക​ളു​ടെ ചിലയിടങ്ങളിൽ ‘പ​ച്ച വേലി​യേ​റ്റം’ എന്നറിയപ്പെടുന്ന ‘ഫൈറ്റോപ്ലാങ്ക്ടൺ’ ബാധിച്ച് മത്സ്യങ്ങൾ ചത്തതിനെ തുടർന്നാണ് മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പച്ച ആൽഗകളുടെ കൂട്ടമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. വടക്കേ അമേരിക്ക, ഏഷ്യ, പസഫിക് മഹാസമുദ്രം എന്നിവയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെയാണ് പച്ച വേലിയേറ്റ പ്രതിഭാസം ഏറ്റവും കൂടുതൽ ബാധിച്ചത്. പരിസ്ഥിതി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഹരിത വേലിയേറ്റ പ്രതിഭാസത്തിനു കാരണമാകുന്ന ഫൈറ്റോപ്ലാങ്ക്ടൺ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഒമാനിലെ ജലാശയങ്ങളിൽ വളരുന്നത്.

Read More

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കുട്ടിയെ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. കുട്ടിയെ ഹാജരാക്കിയില്ലെങ്കിൽ പോലീസിന്‍റെ സഹായത്തോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സമിതി അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുട്ടി ഇപ്പോൾ താമസിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് കുട്ടി ജനിച്ചതെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെൺകുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്. എറണാകുളം സ്വദേശികളായ ദമ്പതികളാണ് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളിലേക്ക് കുട്ടി എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.

Read More

തൃശ്ശൂർ: തൃശൂരിൽ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയാലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഗുരുതരാവസ്ഥയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതിയുടെ ബന്ധുവെന്ന പേരിലാണ് പ്രതി കയറിപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു.

Read More

ന്യൂഡല്‍ഹി: 82 കാരനായ റിട്ട. റെയിൽവേ ജീവനക്കാരന് ഒരു വർഷം തടവ് ശിക്ഷ. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ലഖ്നൗവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷ ഇളവ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജി അജയ് വിക്രം സിംഗ് വ്യക്തമാക്കി. കേസിൽ നേരത്തെ രണ്ട് ദിവസം ജയിലിൽ കഴിഞ്ഞുവെന്ന വാദവും അംഗീകരിച്ചില്ല. രാം നാരായൺ വർമ്മയാണ് കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടത്. നോർത്തേൺ റെയിൽവേയിലെ ലോക്കോ പൈലറ്റ് രാം കുമാർ തിവാരിയാണ് പരാതി നൽകിയത്. വൈദ്യപരിശോധന നടത്താൻ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.

Read More

തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് അംഗങ്ങൾ സഭയിലെത്തിയത്. പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിൻ്റെ നിലവിലുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ.

Read More

തിരുവനന്തപുരം: കേരള പോലീസിന്‍റെ ഓപ്പറേഷൻ ‘ആഗി’ലും പിടികൊടുക്കാതെ തലസ്ഥാനത്തെ ഗുണ്ടാ നേതാക്കൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മാത്രം 297 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓംപ്രകാശും പുത്തൻപാലം രാജേഷും അപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. ഹൈദരാബാദ്, ബെംഗളൂരു, ഊട്ടി, സേലം, മംഗളൂരു എന്നിവിടങ്ങളിൽ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഷാഡോ പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ 3,501 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 2,507 പേർ അറസ്റ്റിലായി. 1,673 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Read More