Author: News Desk

ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നടത്തരുതെന്നും ഡൽഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ശർമ്മയാണ് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ കന്യകാത്വ പരിശോധനക്കെതിരെ 2009ൽ സമർപ്പിച്ച ഹർജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നത് അത്തരമൊരു പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്നും കോടതി വിധിച്ചു. ഇത് പൗരന്‍റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണെന്നും അതിനാൽ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയിൽ പറയുന്നു. ക്രിമിനൽ കേസിന്‍റെ നടപടികൾ പൂർത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ട, മനുഷ്യാവകാശ ലംഘന കേസ് ഫയൽ ചെയ്യാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു.

Read More

മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്‍റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ അറസ്റ്റ് ചെയ്തു. മുംബൈ ഓഷിവാര പൊലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം വ്യക്തമല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് താൻ വിവാഹിതയായതായി രാഖി വെളിപ്പെടുത്തിയത്. മൈസൂർ സ്വദേശിയാണ് ആദിൽ. 2022 ൽ വിവാഹിതരായെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. വിവാഹത്തിന്‍റെ ചിത്രങ്ങൾ രാഖി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ചിത്രങ്ങൾ വ്യാജമാണെന്ന് ആദിൽ പറഞ്ഞിരുന്നു. എന്നാൽ രാഖിയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പിന്നീട് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാഖിയുടെ അമ്മ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചിരുന്നു. അമ്മയുടെ ശസ്ത്രക്രിയയ്ക്ക് ആദിൽ പണം നൽകിയില്ലെന്നും അതിനാലാണ് അമ്മ മരിച്ചതെന്നും രാഖി ആരോപിച്ചിരുന്നു. ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

Read More

കാലിഫോർണിയ: ചാറ്റ് ജിപിടിക്ക് മറുപടിയായി ഗൂഗിൾ പുറത്തിറക്കുന്ന ചാറ്റ്ബോട്ടിന്‍റെ പേര് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്‍റെ ബ്ലോഗിൽ പങ്കിട്ടു. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡയലോഗ് ആപ്ലിക്കേഷൻ ലാംഡയെ അടിസ്ഥാനമാക്കിയുള്ളതാണ് ബാർഡ്. നിലവിൽ, ഒരു വിഭാഗം ആളുകൾ പരീക്ഷണാര്‍ത്ഥം ബാർഡ് ഉപയോഗിക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമായേക്കും. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഫെബ്രുവരി എട്ടിന് നടക്കുന്ന ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിപാടിയിൽ ഉണ്ടാകും.

Read More

തിരുവനന്തപുരം: ഇന്ധന സെസിനെതിരായ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റിടങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കുമായിരുന്നു പ്രതിഷേധ മാര്‍ച്ച്. പലയിടങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. എറണാകുളത്ത് പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കൊച്ചിയിലും തൃശൂരിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡൻ്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോട്ടയത്ത് പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. കോട്ടയത്ത് പൊലീസ് പ്രകോപനം സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.

Read More

തിരുവനന്തപുരം: ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെസ് ഏർപ്പെടുത്തിയതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സെസ് കുറയ്ക്കുന്നത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമാകുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. അതേസമയം ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവർ നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം നടത്തുകയാണ്. ‘ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്’ എന്നെഴുതിയ പ്ലക്കാർഡും ഉയർത്തിയാണ് സമരം. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും കൊല്ലത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റിലും നേതാക്കൾ പ്രതിഷേധിക്കുകയാണ്.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ നേരത്തെ 28ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.

Read More

വാഷിങ്ടണ്‍: പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഇപ്പോൾ ഗവേഷകർ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, ശ്രദ്ധയോടെയും ആരോഗ്യത്തോടെയും പ്രവർത്തിക്കാൻ 50 ഡെസിബലിൽ താഴെയുള്ള ശബ്ദം ആവശ്യമാണ്. ചാറ്റൽമഴയുടെ ശബ്ദവും പക്ഷികളുടെ ആലാപനവും എല്ലാം ഒരു നല്ല ജോലിസ്ഥലത്തിന് ആവശ്യമായ പശ്ചാത്തല ശബ്ദങ്ങളാണ്. ജോലിസ്ഥലത്തെ അമിതമായ ശബ്ദം ജീവനക്കാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. അമിതമായ ശബ്ദവും ചെവിക്ക് ദോഷകരമാണ്. എന്നിരുന്നാലും, 50 ഡെസിബലിൽ താഴെയുള്ള ശബ്ദം കേൾക്കുന്നത് ജോലിയിലെ പ്രതികരണം വർദ്ധിപ്പിച്ചേക്കും.

Read More

ബെംഗളൂരു: ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം കൂടാതെ, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇപ്പോൾ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചിത്രത്തിന്‍റെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കാന്താരയുടെ 100-ാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘കാന്താര’യുടെ ചിത്രീകരണത്തിനിടയിലാണ് പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ വന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഋഷഭ് ഷെട്ടി പറഞ്ഞു.  “കാന്താരയ്ക്ക് അളവറ്റ സ്നേഹവും പിന്തുണയും നൽകിയ പ്രേക്ഷകരോട് ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു. മുന്നോട്ടുള്ള യാത്ര തുടരുന്നു. സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താൽ, ചിത്രം വിജയകരമായി 100 ദിവസം പൂർത്തിയാക്കി. ഈ അവസരത്തിൽ കാന്താരയുടെ പ്രീക്വൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർത്ഥത്തിൽ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം അടുത്ത വർഷം വരും”, ഋഷഭ് ഷെട്ടി പറഞ്ഞു. 

Read More

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യൂമോണിയ ഭേദമായ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ ആകും കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിൽസ തുടരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം, ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞില്ലെന്ന് സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് ആരോപിച്ചു. അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലായ സമയത്താണ് അച്ഛൻ അടക്കമുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽ നിന്ന് പിൻമാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് വിദഗ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് പറഞ്ഞു.

Read More

മംഗളൂരു: മംഗളൂരു ശക്തി നഗറിലെ നഴ്സിംഗ് കോളേജിൽ 137 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റൽ മെസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്. പൊലീസ് കമ്മിഷണർ എൻ.ശശികുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കുട്ടികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.

Read More