Author: News Desk

തൊടുപുഴ: ഫുഡ് അലർജി മൂലം ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നിക്കണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്‍റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതാണ് അലർജിക്ക് കാരണമായത്. കുട്ടിക്ക് മൈദയും ഗോതമ്പും അലർജിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനു മുൻപും മൈദയും ഗോതമ്പും അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിച്ചതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. അടുത്തിടെ രോഗമുക്തി നേടിയെന്ന് തോന്നിയതിനെ തുടർന്നാണ് ചെറിയ അളവിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഉച്ചയോടെ മരണം സംഭവിച്ചു. വാഴത്തോപ്പ് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നയൻ മരിയ. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് പെൺകുട്ടിയുടെ പിതാവ് സിജു.

Read More

റിയാദ്: അടിയന്തര പ്രഥമ ശുശ്രൂഷ നൽകാൻ സ്ത്രീകളെ നിയോഗിക്കാൻ ജിദ്ദ വിമാനത്താവളം. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് ജിദ്ദ എയർപോർട്ട് കമ്പനിയാണ് അടിയന്തിര സാഹചര്യങ്ങളിൽ വിമാനത്താവളത്തിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകുന്നത്. ഇതാദ്യമായാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ ഇത്തരമൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്. മൂന്ന് മാസത്തെ പരിശീലനത്തിനു ശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.  ആളുകളെ ഒഴിപ്പിക്കൽ, സുരക്ഷ, ആരോഗ്യ നടപടിക്രമങ്ങൾ, പരിക്കേറ്റവരെ വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകൽ, വിമാനത്താവളത്തിലെ അടിയന്തിര നടപടികളെക്കുറിച്ചും പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളെയും വ്യവസ്ഥകളെയും കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കൽ എന്നിവ പരിശീലനത്തിൽ ഉൾപ്പെടും.

Read More

റീറിലീസ് ചെയ്ത ‘സ്ഫടികം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 നാണ് വീണ്ടും റിലീസ് ചെയ്തത്. കേരളത്തിൽ 150 ലധികം തിയേറ്ററുകളിലും ലോകമെമ്പാടുമായി അഞ്ഞൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റീ റിലീസ് ചിത്രമെന്ന റെക്കോർഡ് ‘സ്ഫടികം’ സ്വന്തമാക്കിയതായി പ്രവർത്തകർ പറയുന്നു. ചില ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുള്ളതിനാൽ പുതിയ പതിപ്പിനു എട്ട് മിനിറ്റധികം ദൈർഘ്യമുണ്ട്. റീ-റിലീസ് ചെയ്ത ചിത്രത്തിന്‍റെ പകർപ്പ് മൂന്ന് വർഷത്തേക്ക് ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് ഭദ്രൻ അറിയിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ എന്നിവർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി. അന്വേഷണ സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കും. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനും ഇ.പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടന്നുവെന്നും ഇ.പി ജയരാജൻ സമിതിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് ഇ.പി ജയരാജനെതിരെ പി ജയരാജൻ സംസ്ഥാന സമിതിയിൽ പരാതി ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പാർട്ടിക്ക് പരാതി ലഭിച്ചത്. പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് പോകുന്നത് തടയാൻ അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു പി ജയരാജൻ്റെ ആരോപണം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കുന്നതെന്നും അന്വേഷണം നടത്തണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ആരോപണം രേഖാമൂലം നൽകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.…

Read More

സാമന്തയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ശാകുന്തളം’. കാളിദാസൻ്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള ചിത്രത്തിൽ ദുഷ്യന്തനായെത്തുന്നത് മലയാള സിനിമയിലെ യുവതാരം ദേവ് മോഹനാണ്. ഗുണശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് തവണ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ നീതു ലുല്ലയാണ് സാമന്തയെ ഒരുക്കുന്നത്. ബോളിവുഡിലും തന്‍റെ കഴിവ് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സാമന്ത. ദിനേശ് വിജൻ നിർമ്മിക്കുന്ന ഹിന്ദി ചിത്രത്തിൽ സാമന്ത നായികയാകുമെന്നും ആയുഷ്മാൻ ഖുറാന നായകനാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ സാമന്ത ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടി മന്ത്രി ആന്‍റണി രാജു. വെൽഡിംഗിനിടെ തീ പടർന്നതാകാമെന്ന് മന്ത്രി പറഞ്ഞു. വഴുതക്കാട് അക്വേറിയം ഗോഡൗണാണ് കത്തിനശിച്ചത്. ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് മൂന്ന് വീടുകളിലേക്ക് തീ പടർന്നിരുന്നു. കൂട്ടിയിട്ടിരുന്ന പഴയ ഒപ്റ്റിക്കൽ കേബിളുകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ പാതയായതിനാൽ ഫയർ എഞ്ചിൻ കയറാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

Read More

സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹ വീഡിയോ പുറത്ത്. രാജകീയ പ്രൗഢിയോടെ നടന്ന വിവാഹത്തിനു വേദിയായത് ജയ്സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ഹൽദി, സംഗീത ചടങ്ങുകൾ തിങ്കളാഴ്ച അവസാനിച്ചിരുന്നു.  നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസിൻ്റെ ഒരു പാക്കപ്പ് പാർട്ടിയിൽ നിന്ന് ആരംഭിച്ച പരിചയം പിന്നീട് പ്രണയമാവുകയും പിന്നീട് വിവാഹത്തിലേക്ക് നയിക്കുകയുമായിരുന്നു. ഷെർഷ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.  കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മാലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പങ്കെടുത്തു. അടുത്തയാഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി സംഘടിപ്പിക്കുന്ന വിവാഹ റിസപ്ഷനിൽ 100-150 അതിഥികൾ പങ്കെടുക്കും.

Read More

ന്യൂഡല്‍ഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വൈകും. അടുത്തയാഴ്ച തുടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേട്ട ശേഷമേ ഹർജികൾ പരിഗണിക്കാൻ സാധ്യതയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും പുറത്താക്കപ്പെട്ട വി സി കെ. റിജി ജോണും സമർപ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയായിരുന്നു ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മറ്റ് കേസുകളിൽ വാദം കേൾക്കുന്നത് നീണ്ടുപോയതിനാല്‍ ഈ ഹർജികൾ പരിഗണനയ്ക്ക് എടുത്തില്ല. വെള്ളിയാഴ്ചത്തെ നടപടികൾ അവസാനിപ്പിച്ച് ബെഞ്ച് പിരിയുന്നതിനു തൊട്ടുമുമ്പ്, ഈ ഹർജികൾ ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേട്ട ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അടുത്ത രണ്ടാഴ്ച ഹർജികൾ പരിഗണിക്കും. അതിനുശേഷം ഹോളി അവധിക്കായി കോടതി അടച്ചിടും. ഹോളി അവധിക്ക് ശേഷം മാർച്ച് രണ്ടാം…

Read More

ശബരിമല: ഫെബ്രുവരി 12നു വൈകിട്ട് 5 മണിക്ക് കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കും. ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശ്രീകോവില്‍ നടതുറന്ന് വിളക്ക് തെളിക്കും. മേല്‍ശാന്തി ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്നിലെ അഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. രാത്രി 10ന് നട അടയ്ക്കും ഫെബ്രുവരി 13ന് പുലർച്ചെ അഞ്ചിന് നട തുറക്കും. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, തുടർന്ന് നെയ്യഭിഷേകം, 7.30ന് ഉഷപൂജ. ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഫെബ്രുവരി 13 മുതൽ 17 വരെ നടക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിന് എത്താം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുദിവസത്തെ പൂജകൾ പൂർത്തിയാക്കി 17-നു രാത്രി 10 മണിക്ക് ഹരിവരാസനം…

Read More

ലഖ്‌നൗ: മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയ ഒരു വയസുകാരൻ കൊല്ലപ്പെട്ടു. ചികിത്സയുടെ പേരിൽ കുട്ടിയുടെ പല്ലടിച്ചു തകർക്കുകയും കുട്ടിയെ നിലത്തേക്ക് എറിയുകയും ചെയ്തതാണ് മരണകാരണം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ധാക്കർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിക്ക് അസുഖം വന്നപ്പോൾ വീട്ടുകാർ കുട്ടിയെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ പല്ലുകൾ അടിച്ച് തകർത്ത് കുട്ടിയെ നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബം മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി മന്ത്രവാദിക്കെതിരെ പരാതി നൽക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More