Author: News Desk

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതി ഇന്ന് പൊലീസിന് വിശദമായ മൊഴി നൽകും. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നൽകിയ സ്ത്രീ മൊഴി നൽകിയിരുന്നില്ല. യുവതിയെ കാണാനില്ലെന്ന് ആരോപിച്ച് ഒരു സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു, തുടർന്ന് യുവതി ഇന്നലെ നേരിട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് പ്രതികരിച്ചത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം ചിലപ്പോൾ എംഎൽഎക്കെതിരെ കേസ് എടുത്തേക്കും.

Read More

തിരുവനന്തപുരം: സ്വകാര്യവ്യക്തിക്ക് അനധികൃതമായി റോഡ് വാടകയ്ക്കുനല്‍കിയ കരാർ റദ്ദാക്കി തിരുവനന്തപുരം കോർപ്പറേഷൻ. ഹോട്ടൽ ഉടമ കരാർ ലംഘിച്ചു എന്നാരോപിച്ചാണ് അനുമതി റദ്ദാക്കിയത്. എന്നാൽ ട്രാഫിക് ഉപദേശക സമിതിക്കോ കോർപ്പറേഷനോ ഇത്തരമൊരു കരാർ ഉണ്ടാക്കാൻ അധികാരമില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. കരാർ നൽകിയതിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് വാടകയ്ക്ക് നൽകിയത് സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസും റിപ്പോർട്ട് തേടിയിരുന്നു. ഹോട്ടലിന് പാർക്കിംഗിനായി സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പൊതുമരാമത്ത് റോഡ്സ് വകുപ്പ് ചീഫ് എൻജിനീയർ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കൈമാറി. റോഡ് വാടകയ്ക്കു നല്‍കിയ ഭാഗത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോർപ്പറേഷന്‍റെ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. കരാർ ലംഘനം ഉണ്ടായതിനാൽ കരാർ റദ്ദാക്കാൻ എഞ്ചിനീയറിംഗ് വിഭാഗം ശുപാർശ ചെയ്തിരുന്നു.

Read More

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകൾ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. റിപ്പോർട്ട് അനുസരിച്ച്, ആക്ഷേപ ഹാസ്യ പോസ്റ്റുകളിലൂടെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്റര്‍ ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് എന്ന ഉപയോക്താവിന്‍റെ ഏഴ് പോസ്റ്റുകൾ ഇത്തരത്തില്‍ നീക്കം ചെയ്തു. മാളവ്യ ഇതുവരെ 750 പോസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവയെല്ലാം ഇൻസ്റ്റഗ്രാം നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതിമയെ ആരാധിക്കുന്ന ഒരാളുടെ ചിത്രം ‘സൂപ്പർഹൂമൺസ് ഇൻ ക്രിഞ്ച്ടോപ്പിയ’എന്ന അടിക്കുറിപ്പോടെ ക്രിഞ്ച്ആര്‍ക്കൈവിസ്റ്റ് പോസ്റ്റ് ചെയ്തതിരുന്നു. ഈ പോസ്റ്റ് ആണ് ആദ്യം നീക്കം ചെയ്തത്.

Read More

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഗ്രീൻ വാലിയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഓഫീസിൽ സൂക്ഷിച്ചിരുന്ന വിവിധ രേഖകൾ പരിശോധിച്ചു വരികയാണ്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും ശേരേഖരിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം രാത്രിയോടെയാണ് സ്ഥലത്തെത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങൾ നേരത്തെ സീൽ ചെയ്തിരുന്നു. എന്നാൽ ഗ്രീൻ വാലിയിൽ അപ്പോഴും യാതൊരു നടപടിയും ഉണ്ടായില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് കേന്ദ്ര സംഘം ഇവിടെയെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് നടപടിക്രമങ്ങൾ നടപ്പാക്കിയത്.

Read More

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്ര യജ്ഞ പരിപാടി പരാജയപ്പെട്ടു. സെപ്റ്റംബർ 30 നകം ഫയൽ തീർപ്പാക്കാൻ കർശന നിർദേശം നൽകിയിരുന്നെങ്കിലും പകുതി ഫയലുകൾ പോലും ക്ലിയർ ചെയ്തിട്ടില്ല. സമയപരിധി ഒരു മാസം കൂടി നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഓരോ ഫയലും ഒരു ജീവിതമാണെന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫയൽ തീര്‍പ്പാക്കൽ ഡ്രൈവ് പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രത്യേക കർമ്മപദ്ധതി തീരുമാനിച്ചത്. സമയപരിധി കഴിഞ്ഞ് പത്ത് ദിവസം കൂടി പിന്നിടുമ്പോൾ സർക്കാർ ഓഫീസുകളിലെ സ്ഥിതി പരിതാപകരമാണ്. ഓഗസ്റ്റ് 15 വരെ സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടറേറ്റുകളിലുമായി 8,53,088 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 3,28,910 ഫയലുകൾ തീർപ്പാക്കി. 5,24,178 ഫയലുകൾ കെട്ടികിടക്കുകയും ചെയ്യുന്നു. അതായത്, തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും ഫയലിന്‍റെ 38 ശതമാനം മാത്രമാണ് തീർപ്പാക്കിയത്.

Read More

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉഞ്ജായി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അമിതാഭ് ബച്ചനൊപ്പം അനുപം ഖേർ, ബൊമൻ ഇറാനി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ലോക സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അമിതാഭ് ബച്ചൻ, അനുപം ഖേർ, ബൊമൻ ഇറാനി എന്നിവർ മലകയറുന്ന പോസ്റ്റർ വൻ ഹിറ്റായിരുന്നു.  ചിത്രം 11.11.2022ൽ റിലീസ് ചെയ്യും. സൂരജ് ബർജത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗുഡ് ബൈ’ ആയിരുന്നു അമിതാഭ് ബച്ചന്‍റെ അവസാനമായി പ്രദർശനത്തിനെത്തിയ ചിത്രം. രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ‘ഗുഡ് ബൈ’. ചിത്രം ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്നു. ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read More

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാർ തമ്മിലുള്ള പോരാട്ടത്തിൽ എടികെ മോഹൻ ബഗാനെ ചെന്നൈയിൻ എഫ്.സി തോൽപ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിനിന്റെ വിജയം. മോഹൻ ബഗാനുവേണ്ടി മൻവീർ സിംഗ് ഗോൾ നേടിയപ്പോൾ ചെന്നൈയിന് വേണ്ടി ക്വാമി കരികരി, റഹീം അലി എന്നിവർ ഗോളുകൾ നേടി. ആദ്യപകുതിയിൽ 1-0ന് പിറകിലായിരുന്ന ചെന്നൈയിൻ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. മോഹൻ ബഗാന്‍റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. എടികെ മോഹൻ ബഗാനു വേണ്ടി ആഷിഖ് കുരുണിയനും ചെന്നൈയിൻ എഫ്സിക്ക് വേണ്ടി പ്രശാന്തും അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ഇത്. രണ്ട് കളിക്കാരും ആദ്യ ഇലവനിൽ തന്നെ ഇടം നേടുകയും ചെയ്തു.

Read More

ന്യൂഡല്‍ഹി: യുക്രൈനിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. “അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സാധാരണക്കാരുടെ മരണവും ആശങ്കാജനകമാണ്. പരസ്പര ശത്രുത ഉടനടി അവസാനിപ്പിക്കാനും എത്രയും വേഗം നയതന്ത്രത്തിന്‍റെയും സംവാദത്തിന്‍റെയും പാതയിലേക്ക് മടങ്ങാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണ്” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നു.

Read More

ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പരിശീലനത്തിലും തയ്യാറെടുപ്പുകളിലും അതൃപ്തി അറിയിച്ച് എടികെ മോഹൻ ബഗാൻ പരിശീലകൻ ജുവാൻ ഫെറാൻഡോ. ഫെറാൻഡോയുടെ അഭിപ്രായത്തിൽ, യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കളിക്കാർക്ക് ഫുട്ബോളിനായി വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ. “ഇന്ത്യയിലെ പ്രധാന പ്രശ്നം കളിക്കാർക്ക് ഊർജം നഷ്ടമാകുന്നത് പ്രധാനമായും മറ്റ് കാര്യങ്ങളിലാണെന്നതാണ്. കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് കളിക്കാർ ആലോചിക്കേണ്ടതില്ല. ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രീമിയർ ലീ​ഗിലേയും സ്പാനിഷ് ലീ​ഗിലേയുമൊക്കെ മികച്ച കളിക്കാർ ദിവസം ആറും ഏഴും മണിക്കൂർ വരെയാണ് പരിശീലനത്തിനായി ചിലവിടുന്നത്. ഇവിടെയാകട്ടെ പരമാവധി രണ്ട് മണിക്കൂറും”, ഫെറാൻഡോ പറഞ്ഞു. “ഈ ശൈലി ഇനിയും തുടരാനാകില്ല, ഈ മനോഭാവം മാറ്റി കഠിനാധ്വാനം ചെയ്യാൻ തയ്യാറായാലെ ഇന്ത്യൻ ഫുട്ബോളിന് പുരോ​ഗതിയുണ്ടാകു. അക്കാദമികളുടെ കാര്യത്തിലും യുവതാരങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി യോജിപ്പിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ മനുഷ്യാവകാശ പ്രവർത്തകനായ ബാലഗോപാലിന്‍റെ പതിമൂന്നാമത് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യവും അതിന്‍റെ സ്ഥാപനങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിയിണക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പാർട്ടിയും കോടതിയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. ഇന്ത്യയിൽ ഏകാധിപത്യം കൊണ്ടുവരാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയ പാർട്ടിയായ കോൺഗ്രസ് മുക്തമായ ഭാരതമാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അരുന്ധതി റോയ് പറഞ്ഞു.

Read More