Author: News Desk

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അസംതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികവും വിഭജനപരവുമായ ശ്രമമാണ്. നിങ്ങൾ ഇതിൽ നിന്നും പിൻമാറണം. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കണമെന്നും കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ ഡി.എം.കെ എല്ലായ്പ്പോഴും എതിർത്തിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ നീക്കം തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. 

Read More

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തയാറാകാതെ സാമൂഹിക പ്രവർത്തക ദയാബായി. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ആശുപത്രിയിലെത്തി ഇവരുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിച്ചില്ല. എയിംസ് ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ദയാബായിയുടെ നിലപാട്. ദയാബായിയുടെ നിരാഹാരസമരം 15 ദിവസം പിന്നിട്ട വേളയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചർച്ച നടത്താൻ മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജും എത്തിയത്. ദയാബായിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, ഫറീന കോട്ടപ്പുറം, കരീം ചൗക്കി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുക, കാസർകോട് എയിംസ് സ്ഥാപിക്കുക, കുട്ടികൾക്ക് കരുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് സമിതി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയുടെ പരാതിയെ തുടർന്നാണ് മാറ്റം. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ പരാതിയുമായി തരൂർ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ 1 എന്ന് എഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കാം. പകരം ടിക്ക് മാർക്ക് ഇടുന്നതാണ് നല്ലതെന്ന് തരൂർ പറഞ്ഞിരുന്നു. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേരെ ഒന്ന് (1) എന്ന് എഴുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഗുണന ചിഹ്നമോ ശരി അടയാളമോ ഇട്ടാൽ വോട്ട് അസാധുവാകുമെന്ന് നിര്‍ദേശത്തിലുണ്ടായിരുന്നു. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ പറഞ്ഞു.

Read More

മോസ്‌കോ: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ തോക്കുധാരികളായ ആക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയ്ക്കായി ഉക്രൈനിൽ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി, സൈനിക പരിശീലനത്തില്‍ ഏർപ്പെട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ്പ്. തെക്കുപടിഞ്ഞാറൻ ബെല്‍ഗൊരോദ് മേഖലയിൽ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമികളെ വെടിവച്ചുകൊന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവർ ഒരു മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തിലെ പൗരന്മാരാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങൾക്ക് നേരെ ഉണ്ടായത് ഭീകരാക്രമണമാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.

Read More

വിശാഖപട്ടണം: നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജയുടെ വാഹനം നടൻ പവൻ കല്യാണിന്‍റെ പാർട്ടി പ്രവർത്തകർ ആക്രമിച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം. റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പവൻ കല്യാണിന്‍റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയുടെ നൂറോളം പ്രവർത്തകരാണ് അറസ്റ്റിലായത്.  പാർട്ടി പ്രവർത്തകരുടെ അറസ്റ്റിന് പിന്നാലെ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നടൻ പവൻ കല്യാൺ പറഞ്ഞു. പവൻ കല്യാണിന്‍റെ നേതൃത്വത്തിലുള്ള ജനവാണി എന്ന പരിപാടിക്കിടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പരിപാടി തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  സർക്കാരിന്റെ ‘മൂന്ന് തലസ്ഥാന’ പദ്ധതിയെ പിന്തുണച്ചുള്ള റാലിയിൽ പങ്കെടുക്കാൻ വിശാഖപട്ടണത്ത് എത്തിയതായിരുന്നു വ്യവസായ വികസന കോർപ്പറേഷൻ ചെയർപേഴ്‌സണായ റോജ. ജനവാണിയിൽ പങ്കെടുക്കാൻ എത്തിയ പവൻ കല്യാണിനെ സ്വീകരിക്കാൻ അദ്ദേഹത്തിൻ്റെ പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. നേരത്തെ കല്യാണിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

Read More

ഛത്തീസ്​ഗഡ്: കോൺഗ്രസ് എംഎൽഎയും ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മനോജ് സിംഗ് മാണ്ഡവി (58) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ധംതാരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മാണ്ഡവിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. കാൺകെർ ജില്ലയിലെ ഭാനുപ്രതാപ്പുർ മണ്ഡലത്തിൽ നിന്നുളള എം.എൽ.എയാണ് മാണ്ഡവി. 3 തവണ മനോജ് സിങ് മാണ്ഡവി എം.എൽ.എ ആയിട്ടുണ്ട്. ബസ്തർ മേഖലയിൽ നിന്നുളള ആദിവാസി നേതാവ് കൂടിയായിരുന്നു അദ്ദേഹം. 2000-2003 കാലയളവിൽ അജിത് ജോഗി സർക്കാരിൽ ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായിരുന്നു.

Read More

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാണക്കാരി സ്വദേശി പ്രദീപാണ് മരിച്ചത്. ഭാര്യയെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രദീപിനെ ഉഴവൂർ അരീക്കരയിലെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് പ്രദീപ് ഭാര്യ മഞ്ജുവിനെ മക്കളുടെ മുന്നിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഇടത് കൈമുട്ടിന് താഴെ വെട്ടേറ്റ് തൂങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേർത്തത്. വലതുകൈയിലെ വെട്ടേറ്റ 3 വിരലുകൾ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.

Read More

ദോഹ: ഖത്തറിന് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി. 14,183 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ചാണ് റെക്കോർഡ്. ബോട്ടിലുകൾ ഉപയോഗിച്ച് ‘ഖത്തർ’ എന്ന വാക്ക് രൂപീകരിച്ചാണ് നേട്ടം കൈവരിച്ചത്. ഖത്തർ 2022 സുസ്ഥിരതാ വാരത്തിന്‍റെ ഭാഗമായി സീഷോർ റീസൈക്ലിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി സെന്‍ററാണ് പരിപാടി സംഘടിപ്പിച്ചത്. സംഘടനാ നിലവാരത്തിൽ തന്നെ മതിപ്പുളവാക്കുന്നതായിരുന്നു നേട്ടമെന്ന് ജഡ്ജി പ്രവീൺ പട്ടേൽ പറഞ്ഞു. 2021 ജൂൺ 7ന് സൗദിയിലെ അൽ-ഇത്തിഫാഖ് ക്ലബാണ് ഇതിന് മുമ്പത്തെ റെക്കോർഡ് സ്ഥാപിച്ചത്. “സലാം” എന്ന വാക്കാണ് ബോട്ടിലുകൾ ഉപയോഗിച്ച് അന്ന് അറബിയിൽ എഴുതിയത്.

Read More

ദില്ലി: വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി തരൂർ. “ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം .ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും”. തരൂർ പറഞ്ഞു. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്ന് അവസാനിക്കും. ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താൻ തുടക്കം മുതൽ തന്നെ നാടകീയ നീക്കങ്ങൾ നടന്നിരുന്നു. 80കാരനായ മല്ലികാർജുഖാർഗെയ്ക്കാണ് ഒടുവിൽ നുറുക്ക് വീണത്. ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ മറ്റാരു നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന തരൂർ ഖാർഗെയെ നേരിടാൻ ഗോദയിലെത്തി. മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് നേതൃത്വം ആവർത്തിച്ചെങ്കിലും പാർട്ടി സംവിധാനങ്ങൾ ഒന്നടങ്കം അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. നേതൃത്വത്തിന്‍റെ വിവേചനത്തിനും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ ശശി തരൂരിന്…

Read More

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലേക്കുള്ള താര ലേലം ഡിസംബർ 16ന് നടന്നേക്കും. ബെംഗളൂരുവിലാണ് ലേലം നടക്കുക. 2023 സീസണിനെ വ്യത്യസ്തമാക്കുന്നത് മൂന്ന് വർഷത്തിന് ശേഷം ഐപിഎൽ ഹോം എവേ ഫോർമാറ്റിലേക്ക് മടങ്ങുമെന്നതാണ്. മാർച്ച് അവസാന വാരം ടൂർണമെന്‍റ് ആരംഭിക്കും. ഒരു ടീമിന് ലേലത്തിൽ ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുക 90 കോടിയിൽ നിന്ന് 95 കോടി രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം വലിയ താര ലേലം നടന്നതിനാൽ ഇത്തവണ ടീമുകളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് കിരീടം ഉയർത്തിയിരുന്നു. ഫൈനലിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ടൈറ്റൻസ് കിരീടം നേടിയത്.

Read More