തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെയും പൊലീസ് സേനയെയും വിമർശിച്ച് ജി. സുധാകരൻ നിയമസഭയിൽ സംസാരിച്ചു. രമേശ് ചെന്നിത്തല നല്ല വ്യക്തിയാണെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് വളരെ മോശമാണെന്ന് സുധാകരൻ പറഞ്ഞു.
“ചെന്നിത്തല മഹാനാണ്. പക്ഷേ അദ്ദേഹത്തിന്റെ വകുപ്പ് മഹാമോശമാണ്. പൊലീസുകാർ മുഴുവൻ കുഴപ്പമാണ്. വകുപ്പ് മോശമായാൽ മന്ത്രിയെങ്ങനെ നന്നാകും? മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് വലിയ കാര്യമുണ്ടോ? പൊലീസിനെ നിയന്ത്രിക്കണം. അവർ കുഴപ്പമുണ്ടാക്കിയശേഷം ആഭ്യന്തരമന്ത്രി അറിയുന്നതുകൊണ്ട് കാര്യമില്ല,” അദ്ദേഹം പറഞ്ഞു.
പൊലീസുകാർ യൂണിഫോമിട്ട പൗരന്മാരാണെന്നും ആ നിലയിൽ സേനയെ വളർത്തണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കുറഞ്ഞത് ഒരു ലക്ഷം പൊലീസുകാരെങ്കിലും വേണമെന്നും സേനയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
സെക്രട്ടേറിയറ്റിനെ “മനുഷ്യത്വമില്ലാത്ത സ്ഥലം” എന്ന് വിശേഷിപ്പിച്ച സുധാകരൻ, അവിടെ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനുപകരം എങ്ങനെ പുനഃസംഘടിപ്പിക്കാമെന്ന് ആലോചിക്കണം. കുമാരനാശാൻ സർവകലാശാലയുടെ മുന്നിൽനിന്ന് സെക്രട്ടേറിയറ്റിനെ നോക്കിയാണ് “മാറ്റുവിൻ ചട്ടങ്ങളെ” എന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി നല്ലൊരു പ്രസ്ഥാനമാണെന്നും അത് ഫലപ്രദമായി ഉപയോഗിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

