തിരുവനന്തപുരം: സ്വകാര്യ വിമാനങ്ങളിലെ യാത്രയെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം യാത്രകൾ ആവശ്യമായി വരുമെന്നും ഇതുവരെ നടത്തിയ വിമാനയാത്രകൾക്കായി സർക്കാരിന് ഒരു രൂപപോലും ചെലവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനം ഒരുക്കിനൽകിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറത്തെ അപകടസ്ഥലം അടിയന്തരമായി സന്ദർശിക്കേണ്ടതിനാലാണ് സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതെന്ന് സതീശൻ വിശദീകരിച്ചു. വേഗത്തിൽ എത്താനുള്ള മാർഗം അന്വേഷിച്ചപ്പോൾ പരിചയക്കാരനായ ഒരു മലയാളി വിമാനം ഒരുക്കിനൽകുകയായിരുന്നു. ദുരന്തസ്ഥലം സന്ദർശിച്ചില്ലെങ്കിൽ മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന വിമർശനം ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായാണ് യാത്ര നടത്തിയതെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിമാനം ഒരുക്കിയ വ്യക്തിയുടെ പേര് പുറത്തുപറഞ്ഞ് അവരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആവശ്യമായ സാഹചര്യങ്ങളിൽ ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്നും സതീശൻ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും സമാനരീതിയിൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇത്തരം യാത്രാമാർഗങ്ങൾ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനം ഒരുക്കിനൽകിയവർ സർക്കാരിൽനിന്ന് പ്രത്യുപകാരം പ്രതീക്ഷിക്കുന്നവരല്ലെന്നും സതീശൻ വാദിച്ചു. ദുരന്തസ്ഥലത്തേക്ക് എത്താൻ സഹായിച്ചതിന്റെ പേരിൽ അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകില്ലെന്നും അത്തരം സമീപനം സ്വീകരിക്കുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

