ഷാർജ: കർണാടകയിലെ ഉഡുപ്പി സ്വദേശിയായ പ്രവാസി ആൽവിൻ പ്രകാശ് കുന്ദർ ഷാർജയിൽ കൊല്ലപ്പെട്ടതായി കുടുംബം. കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഒമാനിലേക്കുള്ള പാതയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ അറിയിച്ചത്. പ്രകാശിന്റെ ഭാര്യ ടീനയെയും മകനെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ 14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രകാശ്. ഭാര്യ ടീന സ്കൂൾ അധ്യാപികയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകനൊപ്പം കമ്പനി നൽകിയ ഫ്ലാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

ജൂലൈ 20ന് പ്രകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് അനിൽ പറഞ്ഞു. പിന്നീട് പ്രകാശിന്റെ ഫോണിൽനിന്ന് ടെക്സ്റ്റ് സന്ദേശം ലഭിച്ചു. സാധാരണയായി ശബ്ദസന്ദേശങ്ങൾ അയക്കാറുള്ള സഹോദരനിൽനിന്ന് എഴുത്തുസന്ദേശം ലഭിച്ചതാണ് കുടുംബത്തിൽ സംശയമുണ്ടാക്കിയത്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും വിളിച്ചപ്പോഴും മറുപടി ലഭിച്ചില്ല.
തുടർന്ന് ഷാർജയിലുള്ള പ്രകാശിന്റെ സുഹൃത്ത് മനോഹറിനോട് താമസസ്ഥലത്തെത്തി അന്വേഷിക്കാൻ അനിൽ ആവശ്യപ്പെട്ടു. പ്രകാശ് ഇന്ത്യയിലേക്ക് പോയെന്നായിരുന്നു കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ നൽകിയ വിവരം. കമ്പനിയുടെ എച്ച്.ആർ. വിഭാഗവും ആദ്യം ഇതേ മറുപടിയാണ് നൽകിയതെന്ന് കുടുംബം പറയുന്നു.
എന്നാൽ പ്രകാശ് നാട്ടിലെത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ യാത്രാരേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം യുഎഇ വിട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് കാണാതായതായി പരാതി നൽകുകയായിരുന്നുവെന്ന് അനിൽ വിശദീകരിച്ചു.
പിന്നീടുള്ള അന്വേഷണത്തിലാണ് കാറിൽനിന്ന് മൃതദേഹം കണ്ടെത്തിയ വിവരം കുടുംബത്തിന് ലഭിച്ചത്.
മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കിയ നിലയിലായിരുന്നുവെന്നാണ് സഹോദരന്റെ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അനിൽ ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി.
യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാത്തിരിപ്പിലാണ് കുടുംബം. ഭാര്യയുടെയും മകന്റെയും വിവരങ്ങൾ കണ്ടെത്താനും അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് ഷാർജ പൊലീസിൽനിന്നോ യുഎഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയിൽനിന്നോ ഔദ്യോഗിക വിവരമോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി ജില്ലാ പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വിവരം ലഭിച്ചാൽ പരിശോധിച്ചശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

