
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (GSS Bahrain) നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. സമൂഹത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടന ഒരുക്കിയത്.
സമാധിയോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ആയി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത ഗുരു പ്രഭാഷകനും, മോട്ടിവേഷണൽ സ്പീക്കറും, നെടുങ്കണ്ടം പച്ചടി ഗവൺമെൻറ് യു.പി സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ. ബിജു പുളിക്കലേടത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടത്തിയ പഠന ക്ലാസുകൾ ഏറെ ശ്രദ്ധേയമായി.
ഗുരുദേവന്റെ ദാർശനിക ആശയങ്ങളും, ആധുനിക കേരളത്തിൻറെ വളർച്ചയും വളരെ ലളിതവും ആഴത്തിലുള്ളതുമായ രീതിയിൽ പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു.
നാല് ദിവസങ്ങളിലായി സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടനം
പ്രശസ്ത വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹ്റൈൻ ശ്രീനാരായണ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരിയുമായ ശ്രീ. കെ.ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ഗുരുദേവന്റെ സമാധി ദിനമായ സെപ്റ്റംബർ 21-നും സൊസൈറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സമാപന സമ്മേളനത്തിൽ സമാധി ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിയ വിശിഷ്ട അതിഥി ശ്രീ. ബിജു പുളിക്കലേടത്തിനെ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ആദരിച്ചു. നിലവിലെ സാഹചര്യത്തിൽ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് വളരെയധികം പ്രസക്തി ഉണ്ടെന്നും അത് കേവലം അനുഷ്ഠാനങ്ങളിൽ ഒതുക്കാതെ ഗൗരവത്തോടെ ഉൾക്കൊള്ളേണ്ടതാണെന്നും ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, വൈസ് ചെയർമാൻ സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ദു റോയി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ശിവജി ശിവദാസൻ, രഞ്ജിത്ത് വാസപ്പൻ, ബിനുമോൻ ചുങ്കപ്പാറ, ലേഡീസ് വിങ് അംഗങ്ങളായ വിദ്യാ രാജേഷ്, ആശ ശിവകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങുകളിൽ ജി എസ്സ് എസ്സ് കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.


