
മനാമ: പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. ബഹ്റൈനിലെ സാമൂഹിക സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറമാണ് നിവേദനം സമർപ്പിച്ചത്.
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംഗങ്ങളായി അംശദായം അടച്ച് പെൻഷന് അർഹത നേടിയവർക്ക് ലഭിക്കേണ്ട പ്രതിമാസ പ്രവാസി ക്ഷേമ പെൻഷൻ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി വിതരണം ചെയ്തിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വയോധികരും സ്ഥിരവരുമാനമില്ലാത്തവരുമായ നിരവധി പെൻഷൻകാർ മരുന്ന്, ചികിത്സ, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ഈ പെൻഷനെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ മുടങ്ങിയ പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കാനും ഭാവിയിൽ ഓരോ മാസവും നിശ്ചിത തീയതിക്കകം പെൻഷൻ ലഭ്യമാക്കാനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

നോർക്ക കെയറിൽ പുതിയതായി ചേരുന്നവർക്ക് ഏത് സമയത്തും അംഗത്വം നേടാനുള്ള അവസരം ഒരുക്കുക, പ്രവാസി ക്ഷേമ മാസവരി കുടിശ്ശികയായവർക്ക് ചുമത്തുന്ന ഭീമമായ പിഴപ്പലിശ ഒഴിവാക്കുക, മാതാപിതാക്കളെ നോർക്ക കെയറിൽ ചേർക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തി.
വിദേശത്ത് ജനിച്ച കുട്ടികളുടെ പാസ്പോർട്ട് കാലാവധി കഴിയാനിരിക്കെ നാട്ടിൽ നിന്ന് തത്കാൽ മാർഗത്തിൽ അപേക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ നോർക്ക സെന്ററുകളിലെ ലീഗൽ സെല്ലും ഓഫീസുകളും കൂടുതൽ കാര്യക്ഷമമാക്കണം, പി.എസ്.സി പരീക്ഷ എഴുതുന്നതിനുള്ള കേന്ദ്രങ്ങൾ ഗൾഫ് രാജ്യങ്ങളിലും ഒരുക്കണം എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു.
വിഷയങ്ങളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിച്ച ഡെപ്യൂട്ടി സ്പീക്കർ, സർക്കാരിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടുവരാമെന്ന് അറിയിച്ചതായി ബികെഎസ്എഫ് ഭാരവാഹികൾ പറഞ്ഞു. നജീബ് കടലായി, അനസ് റഹീം, അൻവർ കണ്ണൂർ, മണിക്കുട്ടൻ ജി എന്നിവർ നിവേദന സമർപ്പണത്തിന് നേതൃത്വം നൽകി.


