കൊല്ലം: ആത്മഹത്യയെന്ന് അറിയിച്ച് ആശുപത്രിയിലെത്തിച്ച 64കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ എന്ന അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മറിയാമ്മ ജോസിനെ (59) ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തു. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു ജോസ്.
മരിച്ച നിലയിൽ ജോസിനെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മറിയാമ്മ, ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പറഞ്ഞിരുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കഴുത്തിലെ പാടുകളും ശരീരത്തിലെ ചെറിയ മുറിവുകളും പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ഇടവക പള്ളിയിൽ സംസ്കരിച്ചു. പിന്നീട് ലഭിച്ച പോസ്റ്റ്മോർട്ടം, ഫൊറൻസിക് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസമയത്ത് ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോസിനെ കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന വിവരം മറിയാമ്മ ബന്ധുക്കളെ വിളിച്ചറിയിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സംസ്കാരച്ചടങ്ങുകൾക്കുശേഷം ചെന്നൈയിലേക്ക് പോയ മറിയാമ്മ, മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ താമസിക്കുകയായിരുന്നു. പൊലീസ് നടപടി ഭയന്നാണ് ഇവർ അവിടേക്ക് പോയതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഫോൺ രേഖകളിലൂടെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് സംഘം ചെന്നൈയിലെത്തി അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു.
അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് രണ്ടുവർഷമായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്നു. പരിചരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
