തൊടുപുഴ: രാസലഹരി ഉപയോഗിച്ചെന്ന കേസിൽ തൊടുപുഴ നഗരസഭാ മുൻ ചെയർമാൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
വ്യാഴാഴ്ച രാവിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പ്രത്യേക സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സനീഷിനെ കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവസമയത്ത് ഒരു സുഹൃത്തും ഇയാൾക്കൊപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
നിലവിൽ കോൺഗ്രസ് അംഗമായ സനീഷ് ജോർജ് നേരത്തെ സ്വതന്ത്രനായാണ് മത്സരിച്ചത്. പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കഴിഞ്ഞ ഭരണസമിതിയിൽ നഗരസഭാ ചെയർമാനായി. കൈക്കൂലി കേസിൽ പ്രതിയായതിനെത്തുടർന്ന് അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

