മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിയിലേക്ക് കടക്കാൻ ശ്രമിച്ച വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്കുധാരിയായ അംഗരക്ഷകനെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട 24-കാരനാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ബാന്ദ്ര-കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിനു സമീപത്തുനിന്നാണ് ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നായിരുന്നു പരിശോധന.

പി.എം.ഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട യുവാവിന് അതു തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാവലയം മറികടക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനിൽനിന്ന് തോക്കും കണ്ടെത്തി.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. അതീവ സുരക്ഷയുള്ള മേഖലയിലേക്ക് ഇവർ എത്തിയതിന്റെ ലക്ഷ്യം, ആയുധത്തിന്റെ ലൈസൻസ്, സംഭവത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്ച വൈകിട്ട് 5.45ന് ആഗോള ഫിൻടെക് ഫെസ്റ്റിന്റെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി വേദിയിലെത്തേണ്ടിയിരുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ബാങ്കിങ് വിദഗ്ധരും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഭരണാധികാരികളും പങ്കെടുക്കുന്ന സമ്മേളനമായതിനാൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

