
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല, ബഹ്റൈൻ ചെസ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ് ടൂർണമെന്റായ ‘ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1’ സെപ്റ്റംബർ 11ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഗലാലിയിലെ യൂസഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ് നടക്കുക. അന്താരാഷ്ട്ര ചെസ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത ഫിഡെ ഐ.ഡിയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
റാപ്പിഡ് ഫോർമാറ്റിൽ ഏഴ് റൗണ്ടുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനുമായി ബഹ്റൈൻ പ്രതിഭ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ടൂർണമെന്റെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെസ് രംഗത്ത് ബഹ്റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ടൂർണമെന്റിനും തുടർപ്രവർത്തനങ്ങൾക്കും ഫെഡറേഷന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ബഹ്റൈൻ ചെസ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
പ്രതിഭ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ബഹ്റൈൻ ചെസ് ഫെഡറേഷൻ ട്രഷറർ റെഥ ഫാത്തിമ, സംഘാടകസമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, കൺവീനർ മനോജ് പോൾ, അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ, പ്രതിഭ മനാമ മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി, പ്രസിഡന്റ് നുബിൻ അൻസാരി, ജോയിന്റ് കൺവീനർ ഹൃദ്യ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


