കടുത്ത പനിയെ തുടർന്ന് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി സരിത എസ്. നായർ. കഴിഞ്ഞ ഫെബ്രുവരി മുതൽ അമീബിക് മസ്തിഷ്കജ്വരത്തിന് ചികിത്സയിലാണെന്നും ഇതിനിടെ ഇടതുകൈയിലെ രക്തയോട്ടം നിലച്ച് ഗുരുതരമായ സങ്കീർണതകൾ ഉണ്ടായെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇടതുകൈയിൽ പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെടുകയും കൈ ചലിപ്പിക്കാൻ കഴിയാതാവുകയും ചെയ്തതായി സരിത പറയുന്നു. അൾട്രാസൗണ്ട് ഡോപ്ലർ, സി.ടി. ആൻജിയോഗ്രാം പരിശോധനകളിൽ കൈയിലെ രക്തയോട്ടം ഗണ്യമായി കുറഞ്ഞതായും രണ്ട് പ്രധാന ബ്ലോക്കുകൾ കണ്ടെത്തിയതായും കുറിപ്പിൽ പറയുന്നു.
അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സ തുടരുന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ലെന്നാണ് സരിതയുടെ വിശദീകരണം. തുടർന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോതൊറാസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തു. പരിശോധനയിൽ രക്തക്കട്ട സബ്ക്ലേവിയൻ ഭാഗത്തെത്തിയതായി ഡോക്ടർമാർ അറിയിച്ചെന്നും അവർ പറഞ്ഞു.
രക്തയോട്ടം തുടർച്ചയായി കുറഞ്ഞതിനെ തുടർന്ന് ഇടതുകൈയിലെ ചൂണ്ടുവിരലിൽ ഗാംഗ്രീൻ ബാധിക്കുകയും അസ്ഥിയിലേക്ക് അണുബാധ വ്യാപിച്ചതിനാൽ ജൂലൈ പകുതിയോടെ വിരൽ നീക്കം ചെയ്യേണ്ടിവന്നതായും സരിത വെളിപ്പെടുത്തി.
അപൂർവരോഗങ്ങളായ വാസ്കുലൈറ്റിസ്, മോണോന്യൂറൈറ്റിസ് മൾട്ടിപ്ലെക്സ് എന്നിവയ്ക്കും നേരത്തേതന്നെ ചികിത്സയിലാണെന്ന് അവർ വ്യക്തമാക്കി. അമീബിക് മസ്തിഷ്കജ്വരത്തിൽനിന്ന് മുക്തി നേടിയശേഷം കാർഡിയോതൊറാസിക് ശസ്ത്രക്രിയ വേണ്ടിവന്നേക്കാമെന്നും കുറിപ്പിലുണ്ട്.
ചികിത്സയ്ക്കിടെ ഉണ്ടാകുന്ന എല്ലാ സങ്കീർണതകളെയും ചികിത്സാപ്പിഴവായി വിലയിരുത്തുന്നതിന് മുൻപ് വൈദ്യശാസ്ത്രപരമായ വസ്തുതകൾ പരിശോധിക്കണമെന്നും രാപകൽ സേവനം ചെയ്യുന്ന ഡോക്ടർമാരെ തെളിവില്ലാതെ കുറ്റപ്പെടുത്തരുതെന്നും സരിത ആവശ്യപ്പെട്ടു.
ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം സ്ഥിരീകരിച്ചാൽ അറിയിക്കാമെന്നും തന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുകയും ഒപ്പം നിൽക്കുകയും വേണമെന്നും അഭ്യർഥിച്ചാണ് സരിത കുറിപ്പ് അവസാനിപ്പിച്ചത്.

