
കൊച്ചി: നടൻ മോഹൻലാലിന്റെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പേരിനൊപ്പം രേഖപ്പെടുത്തിയിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി. കെ.എൽ–07 സി.യു–2020 നമ്പർ കാറിന്റെ ആർ.സി രേഖകളിലാണ് മാറ്റം വരുത്തിയത്.
ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് സമാനമായ പേര് മാത്രമേ വാഹന രജിസ്ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്താവൂ എന്ന നിർദേശത്തെ തുടർന്നാണ് നടപടി. വാഹനവുമായി ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി മോഹൻലാലിന്റെ പ്രതിനിധി ആർ.ടി ഓഫീസിലെത്തിയപ്പോൾ, ആധാറിലെയും ആർ.സി രേഖകളിലെയും പേരുകൾ തമ്മിലുള്ള വ്യത്യാസം സാങ്കേതിക തടസ്സത്തിന് കാരണമായി.
തുടർന്നാണ് ആർ.സി രേഖയിലെ പേര് ആധാറിലേതിന് സമാനമായി തിരുത്തിയത്. നേരത്തെ ‘ലഫ്റ്റനന്റ് കേണൽ ഡോ. വി. മോഹൻലാൽ’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ പേര് ‘വിശ്വനാഥൻ നായർ മോഹൻലാൽ’ എന്നാക്കി മാറ്റി. 2020-ലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രേഖകളിലെ വിവരങ്ങൾ തിരിച്ചറിയൽ രേഖകളുമായി പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം.


