മനാമ: തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ച രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കിയ കേസിൽ എട്ട് പ്രവാസികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഫാഷൻ മോഡലിംഗ്, സലൂൺ ജോലി എന്നിവ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ ബഹ്റൈനിലെത്തിച്ചത്. എന്നാൽ രാജ്യത്തെത്തിയതിന് പിന്നാലെ ഇവരെ തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
യുവതികളിൽ ഒരാൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും പോലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധാന പ്രതിക്ക് 10 വർഷം തടവാണ് കോടതി വിധിച്ചത്. പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ആറ് പ്രതികൾക്ക് അഞ്ച് വർഷം വീതം തടവും 2,000 ബഹ്റൈൻ ദീനാർ പിഴയും ചുമത്തി.
യുവതികളെക്കുറിച്ചുള്ള വിവരങ്ങൾ കടത്തുകാർക്ക് കൈമാറിയ കെട്ടിടത്തിലെ റിസപ്ഷനിസ്റ്റിന് ഒരു വർഷം തടവാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം എട്ട് പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇരകളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാനും പ്രതികളോട് നിർദേശിച്ചിട്ടുണ്ട്.
പ്രതികൾ യുവതികളുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ദിവസേന നിരവധി പേർക്ക് മുന്നിൽ ലൈംഗിക ചൂഷണത്തിന് വിധേയരാകാൻ നിർബന്ധിച്ചെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.
തുടർച്ചയായ പീഡനത്തിനിടെ യുവതികളിൽ ഒരാൾ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ യുവതിയും ഒരു ബഹ്റൈൻ പൗരന്റെ സഹായത്തോടെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകി.
കേസിലെ പ്രതികളിലൊരാൾ ഇതിനകം അപ്പീൽ കോടതിയിൽ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.

