‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. എന്നാൽ രാഷ്ട്രീയ മോഹങ്ങൾ ഉണ്ടാകുന്നത് തെറ്റല്ലെന്നും കൂടുതൽ യുവാക്കൾ രാഷ്ട്രീയ പാർട്ടികളിൽ ചേരുകയോ പുതിയ പാർട്ടികൾ രൂപീകരിക്കുകയോ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പ്രഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു വാങ്ചുക്കിന്റെ പ്രതികരണം. സി.ജെ.പി സ്ഥാപകരെ അടുത്തറിയാമെന്നും അവർക്ക് രാഷ്ട്രീയരംഗത്തേക്ക് കടക്കാനുള്ള താൽപര്യമുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. അവരുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള എന്റെ വിലയിരുത്തലാണിത്. ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല അവർ. അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ തെറ്റൊന്നുമില്ല,” വാങ്ചുക്ക് പറഞ്ഞു.
താൻ വിദ്യാർഥി പ്രസ്ഥാനവുമായി സഹകരിക്കാൻ തുടങ്ങിയപ്പോൾ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നതായും 59കാരനായ വാങ്ചുക്ക് പറഞ്ഞു. എന്നാൽ മുൻപ് ഒരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിച്ചിരുന്നുവെന്നത് തന്നെ ആശങ്കപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസത്തോളം നീണ്ട വിദ്യാർഥി പ്രക്ഷോഭത്തിനിടെ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി വാങ്ചുക്ക് സഹകരിച്ചിരുന്നു.
ഭാവിയിൽ അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാമെങ്കിലും വിദ്യാർഥി പ്രസ്ഥാനത്തിന്റെ വേദി ഒരു പാർട്ടിയുടെയും അജണ്ട നടപ്പാക്കാൻ ഉപയോഗിക്കരുതെന്ന് താൻ നിർദേശിച്ചിരുന്നതായി വാങ്ചുക്ക് പറഞ്ഞു. ആ നിർദേശം അവർ പാലിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രക്ഷോഭത്തെ ബിജെപിയുടെയോ കോൺഗ്രസിന്റെയോ ആം ആദ്മി പാർട്ടിയുടെയോ വേദിയായല്ല ജനങ്ങൾ കണ്ടത്. അതൊരു വിദ്യാർഥി പ്രസ്ഥാനമായിത്തന്നെ നിലനിന്നു. അതിന് രാഷ്ട്രീയനിറം നൽകരുതെന്ന് ദിപ്കെയോടും സംഘത്തോടും ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് നല്ല കാര്യമാണെന്നും രാഷ്ട്രീയ മോഹങ്ങൾ സ്വാഭാവികമാണെന്നും സോനം വാങ്ചുക്ക് കൂട്ടിച്ചേർത്തു.

