
മനാമ: സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘സ്മാർട്ട് ബസ്’ മൊബൈൽ ആപ്പ് ഈ ആഴ്ച പുറത്തിറക്കും. പൊതുമേഖലയും സ്വകാര്യമേഖലയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ പ്രാദേശിക ഗതാഗത കമ്പനിയായ പ്ലസ് റെന്റലാണ് ആപ്പ് വികസിപ്പിച്ചത്.
ആപ്പ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത–ടെലികമ്യൂണിക്കേഷൻ മന്ത്രാലയം എന്നിവരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്.
ലൈസൻസുള്ള സ്കൂൾ ബസ് ഡ്രൈവർമാർക്കും സഹായികൾക്കും ആപ്പിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനായി ജുഫൈറിലെ കെ ഹോട്ടലിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആപ്പ് ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനൊപ്പം പ്രഥമശുശ്രൂഷ, സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും നടന്നു.
സർക്കാർ–മന്ത്രാലയ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളുൾപ്പെടെയുള്ള സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത അധികൃതർ വ്യക്തമാക്കി. ആപ്പിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ കൂടുതൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് ആപ്പ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്ലസ് റെന്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹുസൈൻ അൽ കാദം പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി ആപ്പിന്റെ വികസനപ്രവർത്തനങ്ങൾ നടന്നുവരികയാണ്. കുട്ടികളുടെ യാത്രയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്ക ഒഴിവാക്കുന്നതിനൊപ്പം കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗതസംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി നടത്തിയ പ്രാഥമിക ചർച്ചകളിൽ പദ്ധതിക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ഹുസൈൻ അൽ കാദം പറഞ്ഞു.
സ്കൂൾ ബസുകളിൽ കുട്ടികളെ മറന്നുവെച്ചതിനെ തുടർന്ന് ഗുരുതരമായ അപകടങ്ങളും ഉഷ്ണാഘാത മരണങ്ങളും രാജ്യത്ത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാങ്കേതിക പരിഹാരമാണ് ‘സ്മാർട്ട് ബസ്’ ആപ്പ് മുന്നോട്ടുവയ്ക്കുന്നത്.
ബസ് യാത്രയ്ക്കിടെ കുട്ടി എവിടെയാണെന്ന് മാതാപിതാക്കൾക്ക് തത്സമയം അറിയാൻ സഹായിക്കുന്ന ലൈവ് ട്രാക്കിങ് സംവിധാനമാണ് ആപ്പിന്റെ പ്രധാന സവിശേഷത. ഓരോ കുട്ടിയെയും എപ്പോൾ ബസിൽ കയറ്റിയെന്നും എപ്പോൾ ഇറക്കിയെന്നും ആപ്പിലൂടെ രേഖപ്പെടുത്തും.
മാതാപിതാക്കൾക്കു പുറമേ ഗതാഗത സൂപ്പർവൈസർമാർക്കും സ്കൂൾ അധികൃതർക്കും ഈ വിവരങ്ങൾ തത്സമയം പരിശോധിക്കാനാകും. ഇതിലൂടെ വിദ്യാർഥികളുടെ സ്കൂൾ ബസ് യാത്ര കൂടുതൽ സുരക്ഷിതവും നിരീക്ഷണവിധേയവുമാക്കാനാണ് ലക്ഷ്യമിടുന്നത്.


