
മനാമ: ഉയർന്ന താപനില മത്സ്യബന്ധനത്തെ സാരമായി ബാധിച്ചതോടെ ബഹ്റൈനിലെ പ്രാദേശിക വിപണികളിൽ മത്സ്യവില വലിയ തോതിൽ വർധിക്കുന്നു. കടുത്ത ചൂടിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറച്ചതാണ് വിപണിയിലെ മത്സ്യലഭ്യത ഇടിയാൻ കാരണമായത്.
ലഭ്യത കുറഞ്ഞതോടെ പ്രാദേശികമായി ഏറെ ആവശ്യക്കാരുള്ള ബഹ്റൈനി സാഫി മത്സ്യത്തിന്റെ വില കിലോഗ്രാമിന് ഏകദേശം ഏഴ് ദിനാറിലെത്തി. മറ്റു മത്സ്യയിനങ്ങളുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും ചൂട് തുടരുകയും മത്സ്യബന്ധന മേഖലയിലെ മാന്ദ്യം നിലനിൽക്കുകയും ചെയ്താൽ വിപണിയിലെ മത്സ്യലഭ്യത വീണ്ടും കുറയാനും വില ഇനിയും ഉയരാനും സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.


