
മനാമ: മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ബഹ്റൈനിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഗൾഫ് വിമാനക്കമ്പനികൾ റദ്ദാക്കി. വേനലവധിക്കായി യാത്ര ചെയ്യാനിരുന്ന നിരവധി യാത്രക്കാരെയാണ് സർവീസ് റദ്ദാക്കലുകൾ ബാധിച്ചത്.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്നലത്തെ പട്ടികപ്രകാരം, ഗൾഫ് എയറിന്റെ വിവിധ സർവീസുകൾ സമയക്രമം പാലിച്ച് എത്തുകയും പുറപ്പെടുകയും ചെയ്തു. ഫ്ലൈദുബൈ, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേയ്സ് എന്നിവയുടെ ഷാർജ, അബുദാബി, ദുബൈ, കുവൈത്ത് സിറ്റി, റിയാദ് സർവീസുകളും ബഹ്റൈനിൽനിന്ന് സർവീസ് നടത്തി. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.
അതേസമയം, ഇത്തിഹാദ് എയർവേയ്സ് ജൂലൈ 25 വരെ ബഹ്റൈനിലേക്കുള്ള സർവീസുകൾ റദ്ദാക്കി. പ്രവർത്തനപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എമിറേറ്റ്സും ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
സർവീസ് മാറ്റങ്ങളും പുതിയ വിമാനവിവരങ്ങളും യഥാസമയം ലഭിക്കുന്നതിനായി യാത്രക്കാർ ഫോൺ നമ്പർ, ഇ-മെയിൽ ഉൾപ്പെടെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, ബഹ്റൈനെതിരായ ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായി ബഹ്റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയനിലെ സിവിൽ വ്യോമനാവിഗേഷൻ സംവിധാനങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ സംഭവത്തെ തുടർന്ന് വ്യോമനാവിഗേഷൻ സേവനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും വിമാനഗതാഗതം സുരക്ഷിതമായും സാധാരണനിലയിലും തുടരുന്നതായും അധികൃതർ വ്യക്തമാക്കി.


