
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. അദാനി കമ്പനി സര്‍ക്കാരിന് നല്കിയ കത്തിന്മേല് ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടോ, കരാര്‍ ലംഘനം സംബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ അറിയിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലും വ്യക്തത വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും സര്‍ക്കാരിന്റെ മൗനം ദുരൂഹമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍ക്കാര്‍ അറിയാതെയാണോ അദാനി സെബിയുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങിയതെന്നും കത്തില്‍ ചോദിക്കുന്നു. അത്തരമൊരു നീക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കരാര്‍ ലംഘനമാണെന്നും ഇതില്‍ സര്‍ക്കാര്‍ നിയമ നടപടിയോ നിയമോപദേശമോ സ്വീകരിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷം ചോദിച്ചു.
അദാനി നല്കിയ അപേക്ഷ സംബന്ധിച്ചും കത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ആദ്യം ഒരു അപേക്ഷ നല്‍കിയെന്നും പിന്നീട് ചില കൂട്ടിച്ചേര്ക്കലുകള്ക്കുശേഷം മറ്റൊരു അപേക്ഷ നല്കിയെന്നുമുള്ള മാധ്യമവാര്‍ത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ജൂണ്‍ 29ന് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സെബിക്ക് കത്ത് നല്‍കിയതായാണ് വിവരം പുറത്തുവന്നത്. ജൂലായ് 1ന് നിയമസഭയില്‍ വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാരറിയാതെ ഇത്തരമൊരു നീക്കം നടത്താന്‍ അദാനിക്ക് എങ്ങനെ ധൈര്യം ലഭിച്ചുവെന്നതാണ് സംശയം ഉയര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു.


