
ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് ഗണ്യമായി വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി. മുൻ നിരക്കിനെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം വർധനവാണ് പുതിയ ഫീസിൽ ഉണ്ടായിരിക്കുന്നതെന്നും ഇത് സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളിൽ 60 മുതൽ 70 ശതമാനം വരെ പേർ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും പാസ്പോർട്ട് പുതുക്കൽ ചെലവ് തൊഴിലുടമകൾ വഹിക്കാറില്ല.

പുതിയ ഫീസ് നിലവിൽ വന്നതോടെ കുറഞ്ഞ ശമ്പളക്കാരായ നിരവധി തൊഴിലാളികൾക്ക് ഒരു പാസ്പോർട്ട് പുതുക്കാൻ അരമാസത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സംഘടനകൾ വ്യക്തമാക്കി. ഇന്ത്യയിലേക്ക് പ്രതിവർഷം വൻതോതിൽ വിദേശനാണ്യം അയയ്ക്കുന്ന ഗൾഫ് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഇ.സി.ആർ വിഭാഗത്തിൽപ്പെടുന്നവർക്കും പാസ്പോർട്ട് ഫീസിൽ ഇളവ് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ പ്രതിക്ഷേധവുമായി രംഗത്ത് വരുകയാണ്.



