
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജില്ല സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകി. വർഗീയ പരാമർശം നടത്തിയെന്ന പരാതിയിലാണ് കോടതി നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

നേരത്തെ പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാടായിരുന്നു കടവന്ത്ര പൊലീസ് സ്വീകരിച്ചിരുന്നത്. ഇതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി (എട്ടാം നമ്പർ) പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


